UAE യിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അഞ്ച് ദിവസം താൽക്കാലികമായി നിർത്തിവെക്കും


അബുദാബി :- യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നൽകിവരുന്ന പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഈ മാസം അവസാനം തുടർച്ചയായി അഞ്ച് ദിവസം താൽക്കാലികമായി നിർത്തിവെക്കും. യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങളുടെ കരാർ പുതിയ ഏജൻസിക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് ഈ തടസ്സം.

ജൂലൈ 1 മുതൽ യുഎഇയിലുടനീളമുള്ള ഇന്ത്യൻ പാസ്പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് ചുമതല പ്രമുഖ യാത്രാ ഗ്രൂപ്പായ 'അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഏറ്റെടുക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ ഏജൻസിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി നിലവിലെ സേവന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിഐവിഎസ് ഗ്ലോബൽ എന്നിവ ജൂൺ 25-ന് പ്രവൃത്തി സമയം അവസാനിക്കുന്നതോടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തും. തുടർന്ന് ജൂൺ 26 മുതൽ ജൂൺ 30 വരെ ഈ സേവനങ്ങൾക്കുള്ള സാധാരണ അപ്പോയിന്റ്മെന്റുകൾ ലഭ്യമാകില്ല.

സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്ന അഞ്ച് ദിവസങ്ങളിലും അടിയന്തിര ആവശ്യങ്ങൾക്കുള്ള പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും നേരിട്ട് ലഭ്യമായിരിക്കും. ജൂലൈ 1 മുതൽ കോൺസുലാർ സേവനങ്ങൾക്കായി അൽ ഹിന്ദ് ഗ്രൂപ്പ് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ ആരംഭിക്കും. യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി 16 പുതിയ കേന്ദ്രങ്ങളാണ് അൽ ഹിന്ദ് ഗ്രൂപ്പ് തുറക്കുന്നത്.

പുതിയ കേന്ദ്രങ്ങൾ

അബുദാബി (6 കേന്ദ്രങ്ങൾ): അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദിനാത് സായിദ്, ഗയാത്തി, അൽ ഐൻ.

ദുബായ് (2 കേന്ദ്രങ്ങൾ): ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക് (DIP).

ഷാർജ (2 കേന്ദ്രങ്ങൾ): അൽ മജാസ്,

മറ്റ് എമിറേറ്റുകൾ: അജ്‌മാൻ (അൽ ജുർഫ്), ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ (കോർണിഷ്), കൽബ, റാസൽഖൈമ.

സേവന കൈമാറ്റവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾക്കായി അബുദാബി ഇന്ത്യൻ എംബസിയുടെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രം പിന്തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Previous Post Next Post