കോഴിക്കോട് :- ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ സാരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിലാണ് ആത്മഹത്യാ ശ്രമം നടന്നത്. സാരമായി പൊള്ളലേറ്റ പടിക്കൽകണ്ടി രവിയെ(65) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്.
മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഇ.അനിൽ കുമാറിൻ്റെ വീട്ടുമുറ്റത്ത് വെച്ചാണ് ഇദ്ദേഹം ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തീ പടരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പിന്നീട് ആംബുലൻസിൽ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.
