അമേരിക്ക - ഇറാൻ സംഘർഷത്തിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു


വാഷിങ്ടൺ :- അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. യുഎസ് സേന നടത്തുന്ന പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് എണ്ണവില ഉയരാൻ കാരണമായത്. ബ്രെന്റ്ന്റ് ക്രൂഡ് ഓയിൽ വില 2.77 ശതമാനം വർധിച്ച് ബാരലിന് 90 ഡോളറിന് മുകളിലെത്തി. ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്നാമത്തെ അമേരിക്കൻ സൈനികനും കൊല്ലപ്പെട്ടതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഇതിനുപുറമെ നേരത്തെ രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്‌ത സ്ഥലത്തിന് സമീപത്ത് നിന്ന് തിരിച്ചറിയാത്ത ചില മൃതദേഹ അവശിഷ്‌ടങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. 

ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് അമേരിക്കൻ സേന ഇറാനിലെ കേന്ദ്രങ്ങൾക്ക് നേരെ തുടർച്ചയായ ഒമ്പതാം രാത്രിയിലും ആക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന വാണിജ്യ കപ്പലുകൾക്കും സാധാരണ നാവികർക്കും നേരെ ആക്രമണം നടത്തുന്ന ഇറാൻ്റെ സൈനിക ശേഷി തകർക്കുന്നത് വരെ തങ്ങളുടെ പ്രത്യാക്രമണം തുടരുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി കുറയുന്നതിനാൽ ആഗോള ക്രൂഡ് വിപണിയിൽ വലിയ പ്രതിസന്ധിയുണ്ടായതായി വിദഗ്‌ധർ ചൂണ്ടിക്കാട്ടി. ഈ നില തുടരുകയാണെങ്കിൽ സെപ്റ്റംബറോടെ എണ്ണ ശേഖരം കുറയുകയും അത് അമേരിക്കയെ പോലും പ്രതിസന്ധിയിലാക്കുകയും ചെയ്യും. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 95 മുതൽ 105 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

Previous Post Next Post