മട്ടന്നൂരിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ യുവാക്കൾ പിടിയിൽ


മട്ടന്നൂർ :- മട്ടന്നൂരിൽ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പള്ളി സ്വദേശി അനസ്, കൊയിലാണ്ടി സ്വദേശി സൂര്യൻ എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ മാസം ജൂൺ 30-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. 

റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ അടുത്തേക്ക് സ്കൂട്ടറിലെത്തിയ അനസും സൂര്യനും വഴി ചോദിക്കാനെന്ന വ്യാജേന തിരിയുകയായിരുന്നു. തുടർന്ന് പെട്ടെന്ന് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. എന്നാൽ അപ്രതീക്ഷിത ആക്രമണത്തിൽ തളരാതെ യുവതി പ്രതികളുമായി ശക്തമായി പിടിവലി കൂടുകയും, ഇതിനിടെ ഒരാളുടെ കയ്യിൽ കടിച്ചുമുറിക്കുകയും ചെയ്തു.

യുവതി ഉറക്കെ നിലവിളിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഓടിക്കൂടുമെന്ന് മനസ്സിലാക്കിയ പ്രതികൾ യുവതിയെ റോഡിലേക്ക് 3 തള്ളിയിട്ട ശേഷം സ്കൂട്ടറിൽ അതിവേഗം രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മട്ടന്നൂർ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളായ അനസും സൂര്യനും വലയിലായത്. പിടിയിലായ ഇരുവർക്കും എതിരെ നിലവിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Previous Post Next Post