ചെന്നൈ :- നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും ആ പരീക്ഷ പൂർണമായും റദ്ദാക്കണമെന്നും തമിഴ്‌നാട്ടിൽ ഭരണത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ). മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടി വി കെ ആവശ്യപ്പെട്ടു. ദില്ലിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, ഈ വിഷയത്തിൽ ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളതെന്ന് ടി വി കെ നേതാക്കൾ പറഞ്ഞു. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട പാർട്ടി, പ്രശ്നപരിഹാരത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു.
വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കിൽ, ആ വിഷയം പരിഹരിക്കണം. സംസ്ഥാന സർക്കാരുകൾക്ക് പൂർണ അധികാരം നൽകുന്നത് വരെ താൽക്കാലിക നടപടിയായി സ്പെഷ്യൽ കൺകറന്റ് ലിസ്റ്റ് രൂപീകരിക്കണമെന്ന നിർദേശവും ടി വി കെ മുന്നോട്ടുവയ്ക്കുന്നു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇതേക്കുറിച്ച് മുൻപ് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ടി വി കെ നേതൃത്വം ചൂണ്ടിക്കാട്ടി. നീറ്റ് റദ്ദാക്കുമെന്ന് ഡി എം കെ ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകിയെന്ന് ടി വി കെ വിമർശിച്ചു. അധികാരത്തിൽ വന്നാൽ നീറ്റ് റദ്ദാക്കുമെന്ന് 2021-ലെ നിയമസഭാ 4 തെരഞ്ഞെടുപ്പ് കാലത്ത് ഡി എം കെ വാഗ്ദാനം ചെയ്‌തിരുന്നു. "നീറ്റ് ഞങ്ങൾ തന്നെ റദ്ദാക്കും" എന്ന് വ്യാജ വാഗ്ദാനം നൽകി വോട്ട് നേടുന്ന വഞ്ചനാപരമായ രാഷ്ട്രീയത്തിൽ തങ്ങൾ ഒരിക്കലും ഏർപ്പെടില്ലെന്ന് ടി വി കെ നേതാക്കൾ വ്യക്തമാക്കി.
