സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് SDPI കലക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി


കണ്ണൂർ :- സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് SDPI  കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി. ചികിത്സയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കുക, സ്വകാര്യ ആരോഗ്യ മേഖലയിൽ സർക്കാർ ഇടപെടുക, ആതുര മേഖലയെ കച്ചവടമാക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്തുക, കൊള്ളയ്ക്ക് അറുതി വരുത്തുന്നതിനാവശ്യമായ നിയമ നിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ടറേറ്റ് ധർണ നടത്തിയത്. ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. 

'ആതുരാലയങ്ങളെ അറവുശാലകളാക്കി പൊതു ജനങ്ങളുടെ ആരോഗ്യവും സമ്പത്തും കൊള്ളടിക്കുന്നത് അവസാനിപ്പിക്കാൻ നിയമനിർമാണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമ്പോൾ തന്നെ സ്വകാര്യ മേഖലയെയും നിയന്ത്രിക്കണം. ആശുപത്രി വാസം ജനങ്ങൾക്ക് പേടിസ്വപ്നമായി മാറുകയാണ്. അതേസമയം തന്നെ സ്വകാര്യ ആതുരാലയ മേഖലയിൽ വൻകിട കുത്തകകൾ പിടിമുറുക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യസംരക്ഷണം മൗലികാവശ്യമായിക്കണ്ട് ചൂഷണ മുക്തമാക്കിയില്ലെങ്കിൽ ആരോഗ്യകേരളം എന്നത് ഓർമ മാത്രമായി മാറു'മെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് ബി.ശംസുദ്ധീൻ മൗലവി, ജില്ലാ സെക്രട്ടറിമാരായ ഷഫീക്ക് പി.സി, റജീന ടീച്ചർ, ശംസീർ പി.ടി.വി, ജില്ലാസെക്രട്ടറിയേറ്റ് അംഗം സജീർ കീച്ചേരി സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുസ്‌തഫ നാറാത്ത് സ്വാഗതം പറഞ്ഞു.

Previous Post Next Post