കണ്ണൂർ :- സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് നടത്തുന്ന ജില്ലാതല ഓണച്ചന്തയ്ക്ക് തുടക്കമായി. ചൊവ്വ റൂറൽ സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് കൺസ്യൂമർഫെഡ് മുഖേന സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ അഡ്വ. ടി ഒ മോഹനൻ എംഎൽഎ അധ്യക്ഷനായി. കൺസ്യൂമർഫെഡ് ഡയറക്‌ടർ കെ പി പ്രമോദൻ, വാർഡ് കൗൺസിലർ എം പി അനിൽകുമാർ, കണ്ണൂർ അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിംഗ് കെ വി ജയേഷ്, ചൊവ്വ റൂറൽ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ ടി സുധീന്ദ്രൻ, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ വി കെ രാജേഷ്, അസിസ്റ്റന്റ് രജിസ്ട്രാർ പി വി ഗണേഷ് കുമാർ, ചൊവ്വ റൂറൽ സഹകരണ ബേങ്ക് സെക്രട്ടറി എം സുമേഷ് എന്നിവർ സംസാരിച്ചു.
സർക്കാർ വിപണി ഇടപെടലിന്റെ ഭാഗമായി ആരംഭിക്കുന്ന കൺസ്യൂമർഫെഡ് ഓണവിപണികൾ ഓഗസ്റ്റ് 25 വരെ നീണ്ട് നിൽക്കും. കൺസ്യൂമർഫെഡ് കണ്ണൂർ ജില്ലയിൽ 181 കേന്ദ്രങ്ങളിലാണ് വിപണം നടക്കുന്നത്. സഹകരണ ഓണവിപണികളിലൂടെ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ നൽകും. പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്. ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ ഓണച്ചന്തകളിൽ ലഭിക്കും.
ഇവയ്ക്കു പുറമെ, സബ്‌സിഡിയില്ലാത്ത സാധനങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ഓണച്ചന്തകളിൽ ലഭിക്കും. പ്രമുഖ ബ്രാൻഡ് കമ്പനികളുടെ എഫ്എംസിജി ഉൽപ്പന്നങ്ങളും ഓഫർ വിലകളിൽ ലഭിക്കും. ത്രിവേണി ബ്രാൻഡിൽ കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിൽ ഇറക്കുന്ന തേയില, ആട്ട, റവ, മൈദ, അരിപ്പൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരി, വെല്ലം, സേമിയ, പാലട, അരിയട എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും. തിരക്ക് ഒഴിവാക്കുന്നതിന് ഉപഭോക്താക്കൾക്ക് സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡിന്റെ അടിസ്ഥാനത്തിലാണ് സാധനങ്ങളുടെ വിതരണം ക്രമീകരിക്കുക. കൂടാതെ ത്രിവേണി വഴി ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഓരോ ഉപഭോക്താവിനും പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രധാന സാധനങ്ങളും വിലയും (ഒരു കിലോയ്ക്ക്): ജയ അരി -33 രൂപ, കുറുവ അരി- 33 രൂപ, മട്ട അരി- 33 രൂപ, പച്ചരി-29 രൂപ, പഞ്ചസാര- 34.65 രൂപ, ഉഴുന്ന്- 87 രൂപ, ചെറുപയർ- 85 രൂപ, കടല- 63 രൂപ, തുവരപ്പരിപ്പ്- 83 രൂപ, വൻപയർ- 68 രൂപ, മുളക്- 136.50 രൂപ, മല്ലി (500 ഗ്രാം) - 47.25 രൂപ, വെളിച്ചെണ്ണ (500 മില്ലി) - 116 രൂപ.
