കോഴിക്കോട് :- പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്നത് പതിവാക്കിയ, നൂറോളം കേസുകളിൽ ഉൾപ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി മലവയൽ സ്വദേശി തൊവരിമല മൂർക്കൻ വീട്ടിൽ ഷംസാദ് (39) ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർ എ.പി ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഫറോക്ക് എസിപി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ജൂൺ 26-ാം തിയതി ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്ന് 10000 രൂപ മോഷ്ടിച്ച കേസിലെ അന്വേഷണമാണ് പോലീസിനെ ഇയാളിലേക്കെത്തിച്ചത്.
രണ്ട് മാസം മുമ്പാണ് ഷംസാദ് ജയിലിൽ നിന്ന് മോചിതനായത്. അതിന് ശേഷം വിവിധ ജില്ലകളിലായി പതിനഞ്ചിലധികം സ്ഥലങ്ങളിൽ പള്ളികളിലെ നേർച്ചപ്പെട്ടികളും, സ്കൂൾ ഓഫീസുകളിലും കവർച്ച നടത്തിയതായി കണ്ടെത്തി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകൾ ഇയാൾക്കെതിരേയുണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ വിവിധ പള്ളികളിലെ നേർച്ചപ്പെട്ടികളുടെ പൂട്ട് ഇരുമ്പ് ദണ്ഡും കമ്പിപ്പാരയും ഉപയോഗിച്ച് പൊളിച്ചാണ് മോഷണം നടത്തിയിരുന്നത്.
മോഷ്ടിച്ച പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചിരുന്ന പ്രതി, ലക്ഷ്യമിടുന്ന പള്ളികളിൽ ആദ്യം വിശ്വാസിയെന്ന വ്യാജേന എത്തി സാഹചര്യം വിലയിരുത്തിയ ശേഷമാണ് കവർച്ച നടത്തിയിരുന്നത്. ഓപറേഷന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും പിന്നീട് അടുത്ത മോഷണത്തിനായി വീണ്ടും സംസ്ഥാനത്തേക്ക് എത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്‌ഹ്‌മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻവീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം ബേപ്പൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സുഭാഷ്, എസ്പെഐ മാരായ വിനോദ് കുമാർ, ഷാജു, ഷബീർ എന്നിവർ ചേർന്നാണ് ഷംസാദിനെ കസ്റ്റഡിയിലെടുത്തത്
