മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു


മലപ്പുറം :- മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡിൽ കോട്ടുവാലക്കാട് സ്വദേശി കുന്നത്തേരി മുസ്തഫ (60) ആണ് മരിച്ചത്. ചെമ്മാട് ടൗണിലെ സി ഐ ടി യു യൂണിയൻ ചുമട്ടുതൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെമ്മാട് കക്കാട് റോഡിൽ ചന്തപ്പടിയിൽ വെച്ചായിരുന്നു അപകടം. കുടിവെള്ള പദ്ധതിക്കായി പൈപ്പിടാൻ റോഡിൽ എടുത്ത കുഴി മൂടാതെ കിടന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.

കുഴിയിൽ തെന്നി സ്‌കൂട്ടർ നിയന്ത്രണം വിട്ട് മുസ്തഫയും മകൻ ഷുഹൈബും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ മുസ്‌തഫ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുടിവെള്ള പദ്ധതിക്കായി റോഡ് കീറിയ ശേഷം പൂർവ്വസ്ഥിതിയിലാക്കാത്തത് മേഖലയിൽ തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതരുടെ അനാസ്ഥയിൽ ഒരു ജീവൻ പൊലിഞ്ഞതിൻ്റെ അമർഷത്തിലാണ് പ്രദേശവാസികൾ.

Previous Post Next Post