തിരുവനന്തപുരത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല ; പ്രതികൂല കാലാവസ്ഥ കാരണം മുതലപ്പൊഴിയിൽ സ്‌കൂബ സംഘത്തിന്റെ തിരച്ചിൽ അവസാനിപ്പിച്ചു


തിരുവനന്തപുരം :- കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല. മുതലപ്പൊഴിയിൽ സ്‌കൂബ സംഘത്തിന്റെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം അവസാനിപ്പിച്ചു. മുങ്ങൽ വിദഗ്‌ധർ എത്താൻ വൈകിയതിൽ പ്രതിഷേധമുണ്ടായി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു അപകടത്തിൽപ്പെട്ട ഷിജിനെ കണ്ടെത്താൻ മറൈൻ ആംബുലൻസും മത്സ്യത്തൊഴിലാളി ബോട്ടുകളും രാവിലെ ഇറങ്ങി. പൊഴി ഭാഗത്തും തിരച്ചിൽ വേണമെന്ന് ഷിജിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മുങ്ങൽ വിദഗ്‌ധർ വരുമെന്ന് ഇന്നലെ മന്ത്രി നേരിട്ടെത്തി ഉറപ്പ് നൽകി. അവരെ സഹായിക്കാൻ പുലർച്ചെ മത്സ്യത്തൊഴിലാളികളും തയാറായി എത്തി. എന്നാൽ പന്ത്രണ്ട് മണിവരെ സ്കൂബ സംഘം എത്തിയില്ല. ഇതിൽ കുടുംബം പ്രതിഷേധിച്ചു.

ഫിഷറീസ്, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഉച്ചയോടെ വിഴിഞ്ഞത്തുനിന്ന് നാലംഗ സ്കൂ‌ബ സംഘത്തെ എത്തിച്ചു. അരമണിക്കൂർ തിരഞ്ഞെങ്കിലും കടൽ പ്രക്ഷുബ്‌ധമായതിനാൽ അവസാനിപ്പിച്ചു. മുതലപ്പൊഴിയിൽ ഈ മാസം അഞ്ചിനും സ്‌കൂബ സംഘം തിരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാൽ നിർത്തിയിരുന്നു. വിഴിഞ്ഞത് കാണാതായ ജോണിനായും തെരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡ് കപ്പൽ തെക്ക് തമിഴ്‌നാട് തീരം വരെ പരിശോധന നടത്തുന്നു. വ്യോമസേന ഹെലികോപ്റ്റർ കൊച്ചിയിൽ നിന്നെത്തി. ധീര റെസ്ക്യൂ ബോട്ടും തിരച്ചിലിനുണ്ട്. ജൂലൈ 31നാണ് ഷിജിനെയും ജോണിനെയും കാണാതായത്.

Previous Post Next Post