കണ്ണൂർ :- ക്ഷീരവികസന വകുപ്പിൻ്റെ ജില്ലാ ഗുണമേന്മ നിയന്ത്രണ വിഭാഗം സംഘടിപ്പിച്ച ഓണക്കാല ഊര്ജ്ജിത പാല് പരിശോധന ക്യാമ്പ് സിവില് സ്റ്റേഷനിലെ ജില്ലാ ഗുണമേന്മ പരിശോധനാ ലാബ് ജില്ലാ കലക്ടര് പി.വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര് ആര്.രശ്മി , ക്വാളിറ്റി കണ്ട്രോള് ഓഫീസര് എന്.ശ്രീകാന്തി, ടെക്നിക്കല് അസിസ്റ്റന്റ് ട്വിങ്കിള് മാത്യു, മറ്റുദ്യോഗസ്ഥര്, ഉപഭോക്താക്കള് തുടങ്ങിയവര് പങ്കെടുത്തു.
ഈ മാസം 24 തിങ്കള് വൈകീട്ട് 5 വരെ ലാബില് പാല് പരിശോധനയ്ക്ക് നല്കാന് പൊതുജനങ്ങള്ക്ക് അവസരമുണ്ട്. ഓണക്കാലത്ത് പാല് ഉപഭോഗം വര്ദ്ധിക്കുന്ന സാഹചര്യത്തില് മായം കലര്ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയുന്നതിന്റെ ഭാഗമായാണ് ഊര്ജിത പാല് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലിലിറ്റര് പാല് സാമ്പിള്കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കില് പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. പാലിൻ്റെ ഗുണനിലവാരത്തെപ്പറ്റിയുള്ള സംശയമകറ്റുന്നതിന് ഉപഭോക്താക്കള്ക്ക് ക്വാളിറ്റി കണ്ട്രോള് ലാബിനോടനുബന്ധിച്ച് പ്രവര്ത്തിക്കുന്ന ജില്ലാ ഇന്ഫര്മേഷന് സെന്ററുമായി ബന്ധപ്പെടാം. ഫോണ് : 9747336094, 9447204204.
