തിരുവനന്തപുരം :- വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും കേരള പോലീസിൻ്റെ അച്ചടക്കവ്യവസ്ഥകൾ ബാധകമാക്കാൻ ശുപാർശ. കേരള പോലീസ് (ഡിസിപ്ലിൻ, എൻക്വയറി, പണിഷ്‌മെൻ്റ് ആൻഡ് അപ്പീൽ) നിയമം മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും ബാധകമാക്കാൻ ഗതാഗത കമ്മിഷണർ നാഗരാജു ചകിലം സർക്കാരിന് ശുപാർശ നൽകി. യൂണിഫോമിട്ടുള്ള പ്രതിഷേധം തടയുന്നതിൻ്റെ ഭാഗമായാണിത്.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വാഹനത്തിന് പിഴചുമത്തിയെന്ന പരാതിയിൽ അടൂർ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിലെ രണ്ട് അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന പ്രതിഷേധിച്ചിരുന്നു. കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. നിയമലംഘനങ്ങൾക്ക് പിഴചുമത്തുന്നത് നിർത്തിവെക്കാനും തീരുമാനിച്ചു. സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഈ പശ്ചാത്തലത്തിലാണ് കമ്മിഷണർ നിലപാട് കടുപ്പിച്ചത്. യൂണിഫോമിൽ കറുത്തബാഡ് കുത്തിയത് സർവീസ് ചട്ടലംഘനമാണെന്നും ആവർത്തിക്കരുതെന്നും കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ കേരള സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പീൽ) വ്യവസ്ഥകളാണ് മോട്ടോർ വാഹനവകുപ്പിന് ബാധകം. എൻഫോഴ്സസ്മെൻ്റ് വിഭാഗമായതിനാൽ സേനയിൽ അച്ചടക്കം നിലനിർ ത്തേണ്ടത് അനിവാര്യമാണെന്നാണ് കമ്മിഷണറുടെ നിലപാട്. പരസ്യപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സംഘടനാ നേതാക്കളെയും താക്കീത് ചെയ്തിട്ടുണ്ട്.
