തിരുവനന്തപുരം :- വീട്ടിലിരുന്ന് ഉയർന്ന വരുമാനം നേടാവുന്ന ഓൺലൈൻ ജോലികൾ, നിക്ഷേപത്തിന് ഉയർന്ന ലാഭം തുടങ്ങിയ വാഗ്‌ദാനങ്ങൾ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു. ഇതിനായി എൻടിഎൽ എന്ന പേരിലുള്ള വ്യാജ ആപ്പാണ് തട്ടിപ്പുകാർ ഉപയോഗിച്ചു വരുന്നത്. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്.
വ്യാജ പരസ്യങ്ങളിൽ ആകൃഷ്‌ടരായി തട്ടിപ്പുകാരെ സമീപിക്കുന്നവരെ തന്ത്രപരമായി ( എൻടിഎൽ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കുന്നു. തുടർന്ന് ആപ്പിൽ രജിസ്റ്റർ ചെയ്യാനും ആപ്പിലൂടെ വിവിധ ഓൺലൈൻ ജോലികളുടെയും നിക്ഷേപ പദ്ധതികളുടെയും പേരിലുള്ള വിവിധ ടാസ്ക‌്, കമ്മീഷൻ, നിക്ഷേപപദ്ധതികൾ എന്നിവ പരിചയപ്പെടുത്തുന്നു. ഇതിൽ ആകൃഷ്‌ടരായി ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് കമ്മീഷൻ ലഭിക്കുന്നതായി വ്യാജമായി പ്രദർശിപ്പിക്കുകയും ചില സന്ദർഭങ്ങളിൽ ചെറിയ തുക പിൻവലിക്കാനും നിക്ഷേപകർക്ക് അവസരം നൽകുന്നു.
നിക്ഷേപകരുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനുള്ള തന്ത്രമാണിത്. ഇത്തരത്തിൽ നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുകയും തുടരെത്തുടരെ ഉയർന്ന തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ ലാഭം പ്രതീക്ഷിച്ച് നിക്ഷേപകർ കൂടുതൽ തുക നിക്ഷേപിക്കുന്നു. ഈ തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പെൻഡിങ് ഫോർ റിവ്യൂ, പ്രോസസിംഗ്, ഹോളിഡേ തുടങ്ങിയ കാരണങ്ങൾ കാണിച്ച് പണം പിൻവലിക്കുന്നതിനുള്ള സാവകാശം നീട്ടിക്കൊണ്ട് പോകുകയും കൂടാതെ പണം പിൻവലിക്കുന്നതിനായി അധിക ഫീസ്, നികുതി, വെരിഫിക്കേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. നിശ്ചിത സമയത്തിനുള്ളിൽ വ്യാജ ആപ്പ് പ്രവർത്തനം നിലയ്ക്കുകയോ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നു.
ഇത്തരത്തിലുള്ള നിക്ഷേപ തട്ടിപ്പിനെതിരെ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കേണ്ടതാണ്. ഉയർന്ന ലാഭം വാഗ്‌ദാനം ചെയ്യുന്ന ആപ്പുകളേയോ നിക്ഷേപദ്ധതികളേയോ ഒരു കാരണവശാലും വിശ്വസിച്ച് പണം നിക്ഷേപിക്കരുത്. സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന ലിങ്കുകൾ വഴി ആപ്പ് ഡൗൺലോഡ് ചെയ്യരുത്. അഥവാ ഇത്തരത്തിലുള്ള നിക്ഷേപത്തിന് മുതിർന്നാൽ സ്ഥാപനത്തിന്റെ വിശ്വാസത ഉറപ്പുവരുത്തുക. ചെറിയ നിക്ഷേപ തുകയ്ക്ക് ചെറിയ കമ്മീഷൻ ലഭിച്ചുവെന്ന കാരണത്താൽ വലിയ തുക നിക്ഷേപിക്കരുത്. കൂടുതൽ ലാഭം, റെഫറൽ കമ്മീഷൻ, നിക്ഷേപത്തിന് കിട്ടിയ ലാഭം പിൻവലിക്കാനായി മുൻകൂർ തുക ആവശ്യപ്പെടുകയോ ചെയ്യുന്ന ആപ്പുകളോട് ജാഗ്രത പാലിക്കുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ പിൻ എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. മാത്രമല്ല നിങ്ങളുടെ പരിചയക്കാർ, ബന്ധുക്കൾ തുടങ്ങിയവരെ ഇത്തരം ആപ്പുകളിൽ ചേരുന്നതിന് പ്രേരിപ്പിക്കാതിരിക്കുക.
