സർപ്പദോഷമുണ്ടെന്നും മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തി ; പരിഹാരത്തിനായി ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത സ്ത്രീകൾ പിടിയിൽ


തൃശൂർ :- സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ ഭയപ്പെടുത്തി ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത രണ്ടു സ്ത്രീകൾ പിടിയിൽ. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപറമ്പിൽ വീട്ടിൽ സുജാത, പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്ത് വീട്ടിൽ റോജ എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മണലൂർ വല്ലത്തുപറമ്പിൽ വീട്ടിൽ 70 വയസുള്ള സ്വർണ്ണലതയാണ് തട്ടിപ്പിന് ഇരയായത്. പുൽതൈലം വിൽക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വീട്ടിലെത്തിയത്. വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം സ്വർണലതയുടെ രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഇവർ ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് സർപ്പകോപം തീർക്കാനായി സ്വർണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമർപ്പിക്കണമെന്ന് വിശ്വസിപ്പിച്ചു.

ഇത് വിശ്വസിച്ച് പരാതിക്കാരി തന്റെ കയ്യിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയും ഉൾപ്പെടെയുള്ള ആറര പവനോളം സ്വർണവും 6,500 രൂപയും വഴിപാടിനായി പ്രതികൾക്ക് കൈമാറി. കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതിനെ തുടർന്ന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മോഷണ മുതലായ 48 ഗ്രാം സ്വർണ്ണം പ്രതികൾ വിൽപ്പന നടത്തിയ ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയിൽ നിന്ന് പോലീസ് വീണ്ടെടുത്തു. അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കേഴ്‌സൺ, എസ് ഐ മാരായ ഹാഷിഷ്, റിജി, ഋഷിപ്രസാദ്, സി പി ഒ മാരായ രേഷ്‌മ, കിരൺ, ശ്രീജിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Previous Post Next Post