ചന്ദ്രയാൻ 3 ലാൻഡർ വിക്രം, ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങിയ ആഗസ്ത് 23 ദേശീയ ബഹിരാകാശ ദിനമായി ആഘോഷിച്ചു വരികയാണ്. 'വികസിത ഭാരതത്തിലേക്ക് നവീകരണം, സഹകരണം, ആഗോള ബഹിരാകാശ നേതൃത്വത്തിനായുള്ള അഭിലാഷം' എന്ന പ്രമേയത്തോടെ 2026 ആഗസ്ത് 23 ന് മൂന്നാമത്തെ ദേശീയ ബഹിരാകാശ ദിനം [NSPD- 2026) രാജ്യത്തെ വിവിധ ഐ എസ് ആർ ഒ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു. തിരുവനന്തപുരം 1 വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, ഐ എസ് ആർ ഒ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ് ഇന്ത്യൻ ഇനിസ്റ്റിട്യൂട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എന്നിവരുടെ ആഭിമുഖ്യത്തിൽ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
ബഹിരാകാശ പര്യവേഷണങ്ങളിലും സാങ്കേതികവിദ്യയിലും ഇന്ത്യയുടെ കരുത്തിനെ വിഷയമാക്കി കേരളത്തിലുടനീളം പ്രമുഖ ശാസ്ത്രജ്ഞർ നയിക്കുന്ന ശിൽപ്പശാലകളും ബഹിരാകാശ ശാസ്ത്ര പ്രദർശനങ്ങളും ഫ്ലാഷ്മോബുകളും ഉണ്ടായിരിക്കുന്നതാണ്. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ലാബുകളും ഫെസിലിറ്റിയും പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരം നൽകുന്ന 'ഓപ്പൺ ഹൗസ്' ഈ മാസം 21 ന് നടക്കും. അന്നേ ദിവസം രാവിലെ 11.45 ന് റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കുന്നതാണ്.
