സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്ററായി ഹാഷിം കാട്ടാമ്പള്ളി ചുമതലയേറ്റു


കണ്ണൂർ :- സമഗ്ര ശിക്ഷാ കേരളം (SSK) കണ്ണൂർ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്ററായി ഹാഷിം കാട്ടാമ്പള്ളി ചുമതലയേറ്റു. കണ്ണാടിപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനും, സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേർസ് യൂണിയൻ (എസ്.ജി.ഒ.യു) കണ്ണൂർ ജില്ലാ പ്രസിഡണ്ടുമാണ് ഇദ്ദേഹം.

എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഹയർ സെക്കൻഡറി സ്റ്റാറ്റിസ്റ്റിക്സ് പാഠപുസ്തക നിർമ്മാണ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയാണ്. മുൻപ് സർവ്വ ശിക്ഷാ അഭിയാൻ (SSA) കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസർ, ഹയർ സെക്കൻഡറി വിഭാഗം കണ്ണൂർ ജില്ലാ അസിസ്റ്റൻ്റ് കോർഡിനേറ്റർ, നാഷണൽ സർവ്വീസ് സ്ക്കീം പെർഫോമൻസ് അസസ്മെൻ്റ് കമ്മിറ്റി അംഗം, കണ്ണാടിപറമ്പ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കേരള ഹയർ സെക്കൻഡറി ടീച്ചേർസ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു) മുൻ സംസ്ഥാന ഭാരവാഹിയുമാണ്.

തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനായും, കടന്നപ്പള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ, അരോളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ സാന്ത്വന പരിചരണ രംഗത്തും സജീവമായ ഇദ്ദേഹം, പെയിൻ ആൻ്റ് പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്ന പൂക്കോയ തങ്ങൾ ഹോസ്പീസ് (പി.ടി.എച്ച്) കൊളച്ചേരി മേഖല സെക്രട്ടറിയാണ്.

സർ സയ്യിദ് കോളേജിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദവും, ഫാറൂഖ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും, കേയി സാഹിബ് ട്രെയിനിങ്ങ് കോളേജിൽ നിന്ന് ബി.എഡും പൂർത്തിയാക്കി. കൂടാതെ കേരള യൂനിവേഴ്‌സിറ്റിയിൽ നിന്നും ചൈൽഡ്, അഡോളസെൻ്റ് ആൻ്റ് ഫാമിലി കൗൺസലിങ്ങിൽ പി.ജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

Previous Post Next Post