തിരുവനന്തപുരം :- ഓണവിപണിയിൽ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി', 'നിറപ്പൊലിമ' കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ചു കൊണ്ട് 10.07 കോടിയുടെ വമ്പൻ നേട്ടമാണ് വനിതാ കർഷകർ സ്വന്തമാക്കിയത്. ആഗസ്റ്റ് 20-25 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിൽ നിന്നാണ് ഈ വിറ്റുവരവ്. വിറ്റുവരവ് ഇനത്തിൽ 1 2.85 കോടി നേടി തൃശൂർ ജില്ല സംസ്ഥാനതലത്തിൽ ഒന്നാമതായി. 1.62 കോടി രൂപയുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 85.50 ലക്ഷം രൂപയുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും എത്തി.
'ഓണക്കനി' പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള 33,000ലേറെ കർഷക സംഘങ്ങൾ ഉൽപാദിപ്പിച്ച 1580.88 മെട്രിക് ടൺ നാടൻ പച്ചക്കറികളാണ് ഓണസദ്യയൊരുക്കാൻ വിപണിയിലെത്തിയത്. 8.91 (8,91,11,654.50) കോടിയാണ് ഇതുവഴിയുള്ള വിറ്റുവരവ്. പൂക്കളുടെ ആഭ്യന്തര ഉൽപാദനവും * വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ 'നിറപ്പൊലിമ' പദ്ധതിയും വിപണിയിൽ തിളങ്ങി. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന 5500 കർഷക സംഘങ്ങൾ കൃഷി ചെയ്ത 113.17 മെട്രിക് ടൺ പൂക്കൾ വിപണിയിലെത്തിച്ചതു വഴി 1.16 (1,15,79,683) കോടിയാണ് വിറ്റുവരവ്. ഈ വരുമാനം പൂർണമായും കർഷകർക്കാണ് ലഭിക്കുക. കുടുംബശ്രീ ഓണം വിപണന മേളകൾക്ക് പുറമേ പ്രാദേശികമായും കർഷകർ ഉൽപന്നങ്ങൾ വിറ്റഴിച്ച് വരുമാനം നേടുന്നുണ്ട്.
ഓണക്കാലത്ത് കാർഷികോൽപന്നങ്ങളുടെ വിപണനത്തിൽ കുടുംബശ്രീയുടെ കരുത്തും വനിതാ കർഷകരുടെ മികവും ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ നേട്ടം. കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള നാടൻ കാർഷിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനും പൊതുവിപണിയിൽ വിലക്കയറ്റം തടയാനും കുടുംബശ്രീ വഴിയൊരുക്കി. വനിതാ കർഷകരുടെ അധ്വാനത്തിന് വിപണിയൊരുക്കുകയും കർഷക കുടുംബങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നതിൽ കുടുംബശ്രീയുടെ കാർഷിക ഇടപെടലുകൾ നിർണായകമായി.
