കേരളം പനികിടക്കയിൽ ; ഇൻഫ്ലുവൻസ ബാധിച്ച് ഈ മാസം 20 പേർ മരിച്ചു, ഡെങ്കിപ്പനിയിലും ജാഗ്രത വേണം

 


തിരുവനന്തപുരം :- സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന. ഈ മാസം ഇതുവരെ 20 ഇൻഫ്ലുവൻസ മരണമാണ് റിപ്പോർട്ട് ചെയ്‌തത്‌. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി വർധിച്ചു. ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്‌തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇൻഫ്ലുവൻസ കേസുകൾ 6182 ആയിരുന്നു. 40 മരണമാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത‌ത്‌. ഇൻഫ്ലുവൻസ മരണം കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇരട്ടിയായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഡെങ്കിപ്പനിയിലും ജാഗ്രത വേണം

വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കൊതുക് പടരുന്ന് തടയണം. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകൾ പെരുകാം. ഡ്രൈ ഡേ കൃത്യമായി പാലിക്കണം. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച്ച തൊഴിലിടങ്ങളിലും ഞായറാഴ്ച്ച വീടുകകളിലും ഡ്രൈ ഡേ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കൊതുക് പ്രജനന സാദ്ധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കണം. ഫ്രിഡ്‌ജിന്റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസെറ്റ് ഇതില്ലെല്ലാം കണ്ണ് വേണം. ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി വലിച്ചെറിയരുത്. ടെറസ്, സൺഷേഡ്, റൂഫിൻ്റെ പാത്തി തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവെയ്ക്കണം. കൊതുക് കടി ഏൽക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കണം. രണ്ടാമതും ഡെങ്കി വന്നാൽ ഗുരുതരമാകാം.

Previous Post Next Post