ബിഗ്ബോസ് സീസൺ 8 ന് നാളെ തുടക്കമാകും


ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൻ്റെ മലയാളം പുതിയ സീസൺ നാളെ സെപ്റ്റംബർ 6 മുതൽ ആരംഭിക്കും. എട്ടാം സീസൺ ആണ് ആരംഭിക്കാൻ പോകുന്നത്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയുടെ ഗ്രാന്റ് ലോഞ്ച് നാളെ വൈകുന്നേരം 7 മണി മുതൽ ജിയോ ഹോട്സ്റ്റാറിലും ഏഷ്യാനെറ്റിലും ജനങ്ങൾക്ക് കാണാനാകും. ആരൊക്കെയാകും പോരാടാൻ ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തുകയെന്ന കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ ഇപ്പോൾ.

വിവിധ മേഖലകളിൽ നിന്നുമുള്ള മത്സരാർത്ഥികൾക്ക് ഒപ്പം കോമണേഴ്സിന് വേണ്ടി നടത്തിയ അഗ്നിപരീക്ഷ എന്ന പ്രീ ഷോയിലൂടെ പ്രേക്ഷക വോട്ടാൽ തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളും ബിഗ് ബോസ് സീസൺ 8ൽ മാറ്റുരയ്ക്കും. കോമണേഴ്സായ ഈ മത്സരാർത്ഥികൾ ആരൊക്കെയെന്നറിയാനും ബിബി ആരാധകർ കാത്തിരിക്കുകയാണ്. നാളെ മോഹൻലാൽ ആകും ഇവരെ ഹൗസിലേക്ക് പ്രവേശിപ്പിക്കുക.

അവസാന 12 പേർ, ആരൊക്കെ ബിഗ് ബോസ് ഹൗസിൽ ?

നാൽപ്പത് മത്സരാർത്ഥികളുമായാണ് അഗ്നിപരീക്ഷ ആരംഭിക്കുന്നത്. ഫിനാലെയിൽ എത്തി നിൽക്കുമ്പോൾ വെറും പന്ത്രണ്ട് മത്സരാർത്ഥികൾ മാത്രമാണ് ബാക്കിയുള്ളത്. പ്രേക്ഷകരുടെ വോട്ടിന്റെയും ടാസ്കുകളിലെ മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും ഈ പന്ത്രണ്ടുപേരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർ ഹൗസിലെത്തുക. രഞ്ജിനി ഹരിദാസ്, റിയാസ് സലിം, അഖിൽ മാരാർ എന്നിവരായിരുന്നു ഷോയിൽ ജഡ്‌ജസുകളായി എത്തിയത്. മൂന്നുപേരും കഴിഞ്ഞ ബിഗ് ബോസ് സീസണുകളിലെ മികച്ച മത്സരാർത്ഥികളായിരുന്നു. ഷോയിലെത്തിയ നാല്പതുപേരെ വിലയിരുത്തി അതിൽ നിന്നും പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തത് ജഡ്ജസ് തന്നെയാണ്. അവസാന റൗണ്ടിലെത്തിയ പന്ത്രണ്ടുപേർക്ക് മാത്രമാണ് പ്രേക്ഷക വോട്ട് കൂടി അടിസ്ഥാനമാക്കിയുള്ള എലിമിനേഷൻ എന്ന പ്രത്യേക പരിഗണന ലഭിച്ചിട്ടുള്ളത്. ഷിജിൻ, ഷാമോൻ, എൽദോ, ശ്യാം, താഷി, രാകേഷ്, ഷിജുലാൽ, ലോലീറ്റ, ഷിബിന, പൂജ, സോന, അഫിയാനസ് എന്നിവരാണ്.

പന്ത്രണ്ട് ഫൈനലിസ്റ്റുകൾ

ഒന്നിനൊന്ന് മികച്ച ടാസ്‌കുകളാണ് ഈ ഇരുപത്തിയൊന്ന് ദിവസവും ഷോയിൽ നടന്നത്. എല്ലാ മത്സരാർത്ഥികളും ടാസ്കുകളിൽ മികച്ച പെർഫോമൻസ് തന്നെയാണ് കാഴ്ചവെച്ചത്. ഓരോരുത്തരും ഓരോ തന്ത്രം പയറ്റി ബിഗ് ബോസ് ഹൗസിൽ എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അഗ്നിപരീക്ഷയിൽ ഫൈനലിസ്റ്റുകളായെത്തിയ പന്ത്രണ്ടുപേർക്കും ബിഗ് ബോസ് ലോഞ്ചിങ് എപ്പിസോഡിൽ പങ്കെടുക്കാനാകും.

Previous Post Next Post