'നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കും, ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി ഓപ്പറേഷൻ തൂഫാൻ മാറി' മന്ത്രി രമേശ് ചെന്നിത്തല


ഇടുക്കി :- പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് - തൂഫാൻ ജാഗരൺ -ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. രാസലഹരിയാണ് ഇന്ന് ലോകം ഭരിക്കുന്നത്. ഇവയുടെ വിതരണക്കാർക്ക് കുട്ടികളുടെ ഭാഷ അറിയാം, അവരുടെ സൗഹൃദവലയങ്ങളും താല്പര്യങ്ങളും അറിയാം. പുതിയ സാങ്കേതികവിദ്യയും ലഹരി വിതരണക്കാർക്ക് അറിയാം.

അതിനാൽ പൊലീസിൻ്റെ അന്വേഷണ രീതികളും മാറ്റിക്കൊണ്ടിരിക്കുകയാണ്. ലഹരിയുടെ ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പൊലീസ് ഡോഗ് സ്ക്വാഡിന് ലഹരി വസ്തു‌ക്കൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നൽകി വരികയാണ്. ലഹരി വ്യാപനത്തിൻ്റെ നൂതന വഴികൾ തടയാൻ പൊലീസ് പുതിയ സംവിധാനം ആവിഷ്കരിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി 'ഓപ്പറേഷൻ തൂഫാൻ' മാറി.

ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമോ നിയമ പ്രശ്‌നമോ അല്ല. സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. ഈ പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്തം കേരളാ പൊലീസിന് മാത്രമല്ലെന്നും ഓരോ കുടുംബവും വ്യക്തിയും ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. തൂഫാന്റെ മറ്റൊരു മുഖമായ തൂഫാൻ ജാഗരണാണ് ഇപ്പോൾ നടക്കുന്നത്. ലഹരി ഉണ്ടാക്കുന്ന ദുസ്സഹമായ സാമൂഹ്യ പ്രശ്നങ്ങളെ ഓരോ വ്യക്തിയുടെയും മനസ്സിലേക്ക് എത്തിക്കുകവഴി അവരെ അതിൽ നിന്ന് മോചിപ്പിക്കുകയാണ് തൂഫാൻ ജാഗരണിന്റെ ലക്ഷ്യം. കുടുംബങ്ങളിലും കോളേജുകളിലും സ്കൂ‌ളുകളിലും കൃത്യമായ ജാഗ്രത ആവശ്യമാണ്.

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ അയൽ സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുടെ യോഗം വിളിച്ചു. ഓരോ മുഖ്യമന്ത്രിമാരെയും നേരിട്ടു കണ്ടു. കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാരെ കണ്ടു. ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരെയും ഉടൻ കാണും. അയൽ സംസ്ഥാനങ്ങളുടെ സഹായത്തെ തുടർന്ന് കൂടുതൽ പേരെ ഇപ്പോൾ പിടിക്കാൻ കഴിയുന്നുണ്ട്. പാലക്കാട്, കോഴിക്കോട് ഉൾപ്പെടെ ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ ഇഡി റെയ്ഡും നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post