അമേരിക്കയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനു ശേഷം ആദ്യമായി, ജീവിച്ചിരിക്കുന്ന ഒരു പ്രസിഡൻ്റിന്റെ ചിത്രം രാജ്യത്തെ നാണയത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. ട്രംപിന്റെ മുഖത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിനൊപ്പം സ്വാതന്ത്ര്യം, ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്നീ വാക്കുകളും ഈ പുതിയ നാണയത്തിൽ കാണാം. രാജ്യത്തിന്റെ അഭിമാനവും പൈതൃകവും വിളിച്ചോതുന്ന, ചരിത്രപരമായ ഒരു നാഴികക്കല്ലായാണ് ഈ പ്രത്യേക എഡിഷൻ നാണയത്തെ ഇവ പുറത്തിറക്കുന്ന യുഎസ് മിന്റ് വിശേഷിപ്പിക്കുന്നത്. വരും കാലങ്ങളിൽ നാണയശേഖരണക്കാരുടെ പ്രിയപ്പെട്ട ഇനമായി ഇത് മാറുമെന്നും യുഎസ് മിന്റ് വ്യക്തമാക്കുന്നു.
കാണുമ്പോൾ സ്വർണ്ണ നിറമാണെങ്കിലും നാണയത്തിൽ യഥാർത്ഥ സ്വർണ്ണമൊട്ടുമില്ല. 88.5% ചെമ്പും, ബാക്കി സിങ്ക്, മാംഗനീസ്, നിക്കൽ എന്നിവയും ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നാണയങ്ങൾക്ക് അമേരിക്കയിൽ വലിയ ഡിമാൻഡാണ്. 25 എണ്ണമുള്ള ഒരു റോളിന് 61 ഡോളറും, 100 എണ്ണമുള്ള ബാഗിന് 154.50 ഡോളറുമാണ് വില. വിൽപന ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ യുഎസ് മിൻ്റിൻ്റെ വെബ്സൈറ്റിൽ ഇവ പൂർണ്ണമായും വിറ്റുതീർന്നു. വാഷിങ്ടൺ ഡിസിയിലെ യുഎസ് മിൻ്റ് സ്റ്റോറിലെ വെൻഡിങ് മെഷീനുകൾ വഴിയും ഇത് വിൽക്കുന്നുണ്ട്.
കഴിഞ്ഞ മേയിൽ, ട്രംപിൻ്റെ ചിത്രമുള്ള 250 ഡോളറിന്റെറെ പുതിയ നോട്ടുകൾ പുറത്തിറക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞിരുന്നു. എന്നാൽ 1866-ലെ തെയർ ഭേദഗതി പ്രകാരം, ജീവിച്ചിരിക്കുന്ന ഒരാളുടെ ചിത്രം യുഎസ് കറൻസി നോട്ടുകളിൽ അച്ചടിക്കുന്നത് അമേരിക്കൻ ഫെഡറൽ നിയമം വിലക്കുന്നുണ്ട്. ഇതിനൊരു ഇളവ് കൊണ്ടുവരാൻ ട്രംപ് അനുകൂലികൾ കോൺഗ്രസിൽ നിയമനിർമ്മാണത്തിന് ശ്രമിച്ചെങ്കിലും അത് ഇതുവരെ പാസായിട്ടില്ല.
എന്നാൽ, നോട്ടുകളിലെ ഈ വിലക്ക് പരമ്പരാഗതമായി നാണയങ്ങൾക്ക് ബാധകമല്ല. 2020-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് കൊണ്ടുവന്ന നിയമപ്രകാരം, നാണയത്തിന്റെ പിൻഭാഗത്ത് ജീവിച്ചിരിക്കുന്ന ആളുടെ ചിത്രം നൽകാൻ പാടില്ല. എന്നാൽ മുൻഭാഗത്ത് പടം നൽകുന്നതിന് വിലക്കില്ല. ഇതനുസരിച്ചാണ് ഇപ്പോൾ ട്രംപിന്റെ ചിത്രം നാണയത്തിൻ്റെ മുൻഭാഗത്ത് നൽകിയിരിക്കുന്നത്. ഇതിനുമുമ്പ് 1926-ൽ അന്നത്തെ പ്രസിഡൻ്റ് കാൽവിൻ കൂളിഡ്ജിന്റെ ചിത്രം നാണയത്തിൽ നൽകിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റ് ഈ ചരിത്രനേട്ടത്തിൽ എത്തുന്നത്. ലോകത്തെ പ്രശസ്ത ശേഖരങ്ങളുടെ പട്ടികയിലേക്കാണ് ട്രംപിന്റെ മുഖമുള്ള നാണയവും ഇടം പിടിക്കുന്നത്.
