തിരുവനന്തപുരം :- തിരുവനന്തപുരം മൃഗശാല മാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മൃഗശാല മാറ്റുന്നതിനെ പ്രമുഖ വന്യജീവി സംരക്ഷകനും പത്മശ്രീ ജേതാവുമായ റോമുലസ് വിറ്റക്കർ വിമർശിച്ചു. സാമ്പത്തിക പാരിസ്ഥിതി വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സമരം നടത്തുന്നതിനിടെയാണ് വിദഗ്‌ധരും എതിർപ്പ് പ്രകടിപ്പിക്കുന്നത്. മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നത് നല്ല ആശയമല്ലെന്നും പകരം കൂടുതൽ പണം ചെലവഴിച്ച് നിലവിലെ മൃഗശാലയെ രാജ്യാന്തര നിലവാരത്തിലേക്ക് മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു വിറ്റക്കറിന്റെ പ്രസ്താവന. മൃഗശാല മാറ്റവുമായി സർക്കാർ മുനോട്ട് പോവുകയാണെന്ന സൂചനകൾക്കിടെയാണ് വിമർശനവും ശക്തമാകുന്നത്. മുഖ്യമന്ത്രിയുടെ ആശയത്തിന് ഒരു ഭാഗത്ത് പിന്തുണ ലഭിക്കുമ്പോൾ മറുഭാഗത്ത് വിമർശനവും ഉയരുന്നുണ്ട്. നീക്കത്തിന് തിരുവനന്തപുരം മേയറുടെ ഉൾപ്പെടെ പിന്തുണ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.
എന്നാൽ, മൃഗശാല മാറ്റത്തിന് പിന്നിൽ വാണിജ്യ താൽപ്പര്യം മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നീക്കം അനുവദിക്കില്ലെന്ന നിലപാടെടുത്ത സിപിഎം പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് പ്രമുഖ വന്യജീവി സംരക്ഷകനായ റോമുലസ് വിറ്റക്കറും പദ്ധതിക്കെതിരെ വിമർശനം ഉന്നയിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ തന്നെ മൃഗശാല തുടരുന്നതാണ് വന്യജീവികൾക്കും മൃഗശാല കാണാൻ എത്തുന്ന കുട്ടികൾക്ക് ഉചിതമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അന്താരാഷ്ട്ര തലത്തിൽ അടക്കം അറിയപ്പെടുന്ന വന്യജീവി സംരക്ഷകനാണ് റോമുലസ് വിറ്റക്കർ. മദ്രാസ് സ്നേക്ക് പാർക്ക് സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചതും വിറ്റക്കറായിരുന്നു. ആവാസവ്യവസ്ഥയോട് ചേർന്ന് മൃഗശാലയൊരുക്കുന്നതാണ് മൃഗങ്ങൾക്കും നല്ലതെന്നും മൃഗശാലയിരുന്ന സ്ഥലം മാഡിസൺ സ്‌ക്വയർ പോലെ ഉദ്യാനപാർക്ക് ആക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
