തിരുവനന്തപുരം :- ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങൾക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ടും രഹസ്യമായും കൈമാറാൻ സൗകര്യമൊരുക്കും. ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും.
ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് "ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ". വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്‌സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകൾക്ക് നിയമത്തിൻ്റെ കർക്കശമായ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം, സാധാരണക്കാർക്ക് പൂർണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.
