ഇന്ത്യൻ പ്രതിരോധ സേനയിൽ ടു-സ്റ്റാർ റാങ്കിലെത്തിയ മെഡിക്കൽ ഇതര വിഭാഗത്തിലെ ആദ്യ വനിതാ ഓഫീസർ ; ചരിത്രം കുറിച്ച് ശക്തി ശർമ്മ


ദില്ലി :- ഇന്ത്യൻ പ്രതിരോധ സേനയിൽ ടു-സ്റ്റാർ റാങ്കിലെത്തുന്ന മെഡിക്കൽ ഇതര വിഭാഗത്തിലെ ആദ്യ വനിതാ ഓഫീസറായി എയർ വൈസ് മാർഷൽ ശക്തി ശർമ്മ. സെപ്റ്റംബർ ഒന്നിന് എയർ ഹെഡ്ക്വാർട്ടേഴ്സസിൽ അസിസ്റ്റന്റ്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ആയി ശക്തി ശർമ്മ ചുമതലയേറ്റു. 1994 ജൂൺ 18നാണ് ശക്തി ശർമ്മ വ്യോമസേനയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. പരിശീലന സ്ഥാപനങ്ങൾ, ഫീൽഡ് സ്റ്റേഷനുകൾ, കമാൻഡ് ഹെഡ്‌ക്വാർട്ടേഴ്സ്, എയർ ഹെഡ്ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ശക്തി ശർമ്മയ്ക്ക് വലിയ അനുഭവസമ്പത്തുണ്ട്. ഇന്ത്യൻ വ്യോമസേനയ്ക്ക് ഇതൊരു ചരിത്ര മുഹൂർത്തമാണെന്ന് വ്യോമസേന എക്സിലൂടെ അറിയിച്ചു. 

ഇന്ത്യൻ പ്രതിരോധ സേനയിലെ വനിതാ ഓഫീസർമാരുടെ യാത്രയിലെ ഒരു പുതിയ അധ്യായം കുറിക്കുന്ന സുപ്രധാന നേട്ടമാണിതെന്നും മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അവരുടെ സ്‌തുത്യർഹമായ സേവനം 'Touch the Sky with Glory' എന്ന ലക്ഷ്യത്തിലേക്ക് തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്നും വ്യോമസേന വ്യക്തമാക്കി. ഐഐടി കാൺപൂരിലും പൂനെ യൂണിവേഴ്സിറ്റിയിലും ഐഎഎഫ് ചെയർസ് ഓഫ് എക്സ‌ലൻസ് സ്ഥാപിക്കുന്നതടക്കം പ്രധാന  പദ്ധതികൾക്ക് ശക്തി ശർമ്മ നേതൃത്വം നൽകിയിട്ടുണ്ട്. അക്കാദമിക, പ്രതിരോധ തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കപൂർത്തല സൈനിക് സ്കൂളിലെ പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ച്, ഒരു സൈനിക് സ്കൂളിന് നേതൃത്വം നൽകുന്ന ആദ്യ വനിതാ ഓഫീസർ എന്ന നേട്ടവും ശക്തി ശർമ്മ സ്വന്തമാക്കിയിട്ടുണ്ട്.

Previous Post Next Post