ശ്രീകണ്ഠാപുരത്ത് വീട്ടുപറമ്പിൽ നിന്ന് അപൂർവ ഔഷധ കൂൺ 'നിലമാങ്ങ' കണ്ടെത്തി


ശ്രീകണ്ഠാപുരം :- വളരെ അപൂർവമായി മാത്രം കാണുന്ന ഔഷധ കൂണായ നിലമാങ്ങ വീട്ടുപറമ്പിൽ നിന്ന് ലഭിച്ചത് കൗതുകമായി. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ വയക്കര സ്വദേശിയും കൂടാളി കൃഷി ഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസറുമായ രഘുവരൻ ടി.യുടെ വീട്ടുപറമ്പിൽ നിന്നാണ് അപൂർവയിനം കൂൺ ലഭിച്ചത്. പുതുതലമുറയ്ക്ക് ഏറെക്കുറെ അപരിചിതമാണ് നിലമാങ്ങ. മണ്ണിനടിയിൽ ഇളക്കം തട്ടാത്ത ചിതൽപ്പുറ്റുകൾക്ക് അടിയിലാണ് ഇവ രൂപപ്പെടുന്നത്. പേരിൽ മാങ്ങയുണ്ടെങ്കിലും ഇത് മാങ്ങയല്ല, പ്രത്യേകതരം കൂണാണ്. മാങ്ങ പോലെ ഇരിക്കുന്നതിനാലാണ് നിലമാങ്ങ എന്ന് വിളിക്കുന്നത്. _Sclerotium stipitatum_ എന്നാണ് ശാസ്ത്രനാമം. ചിതൽ കിഴങ്ങ് എന്ന പേരിലും അറിയപ്പെടുന്നു.

മഞ്ഞപ്പിത്തം, നേത്രരോഗങ്ങൾ, ശരീരവേദന തുടങ്ങി വിവിധ അസുഖങ്ങൾക്ക് ഉത്തമ ഔഷധമാണ് നിലമാങ്ങ. നേരത്തെ കോളറ പോലുള്ള പകർച്ചവ്യാധികൾക്കും ഔഷധമായി ഉപയോഗിച്ചിരുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിലും കാർഷിക മേഖലയിൽ അതീവ തൽപരനായ രഘുവരൻ കഴിഞ്ഞ 20 വർഷത്തിലേറെയായി കർഷകർക്ക് എല്ലാവിധ പിന്തുണയും നൽകി മുന്നോട്ട് പോകുന്ന വ്യക്തിയാണ്. സ്വന്തം കൃഷിയിടത്തിൽ ജോലിക്കിടെ ശ്രദ്ധയിൽപ്പെട്ട ഈ അപൂർവയിനം നിലമാങ്ങകളുടെ പ്രാധാന്യം മനസ്സിലാക്കി സംരക്ഷിക്കുകയും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരികയുമായിരുന്നു അദ്ദേഹം.



Previous Post Next Post