SC - ST വികസന പദ്ധതികള്‍ വീഴ്ചയില്ലാതെ നടപ്പിലാക്കണം - ജില്ലാ കലക്ടര്‍


കണ്ണൂർ :- എസ് സി- എസ് ടി മേഖലകളിലെ വികസന പദ്ധതികള്‍ വീഴ്ചകൂടാതെ നടപ്പാക്കാന്‍ ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സേവനം പ്രധാനപ്പെട്ടതാണെന്ന് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലയിലെ ട്രൈബര്‍ പ്രമോട്ടര്‍മാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഓരോ പ്രദേശത്തും എസ് സി- എസ് ടി വിഭാഗങ്ങള്‍ നേരിടുന്നത് വ്യത്യസ്തങ്ങളായ പ്രശ്നങ്ങളാണ്. ഈ മേഖലയിലെ പ്രതിനിധികള്‍ എന്ന നിലയില്‍ ഇവിടെ നിയോഗിക്കപ്പെട്ട പ്രമോട്ടര്‍മാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ഏറെയുണ്ട്. അവരുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടതലത്തിലേക്ക് യഥാസമയം കൈമാറാന്‍ പ്രമോട്ടര്‍മാര്‍ ശ്രദ്ധ ചെലുത്തണം. പ്രശ്നപരിഹാരത്തിലേക്കുള്ള ആദ്യ വഴിയാണിത്. 

ഗോത്ര മേഖലയിലെ കുട്ടികളുടെ വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്, പഠന വിമുഖത, ഉന്നതികളിലെ കുടിവെള്ളക്ഷാമം, വൈദ്യുതി ക്ഷാമം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. പല വീടുകളിലും വയറിങ്ങിന്റെ കാലപ്പഴക്കം കൊണ്ടും മറ്റും വൈദ്യുതി ലഭിക്കാത്ത പ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വയറിങ്ങ് സംബന്ധിച്ച പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു. 

ഉന്നതികളിലെ കുടിവെള്ളം ഉറപ്പാക്കാന്‍ വിവിധ പദ്ധതികളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന പട്ടികവര്‍ഗ്ഗ മേഖലയിലെ രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കണം. ഇതിനായി മെഡിക്കല്‍ കോളേജിലും മറ്റു ആശുപത്രികളിലുമായി നിയോഗിക്കപ്പെട്ടിട്ടുള്ള ഹെല്‍ത്ത് പ്രമോട്ടര്‍മാര്‍ ശ്രദ്ധിക്കണം. മരുന്നുകളുടെ ലഭ്യതക്കുറവ്, യഥാസമയം ആംബുലന്‍സ് കിട്ടാത്ത പ്രശ്നങ്ങള്‍ തുടങ്ങിയ ഉണ്ടെങ്കില്‍ അക്കാര്യം സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യണം. ഗോത്ര മേഖലയിലെ കുട്ടികളുടെ കലാകായിക ഉണര്‍വ്വിനായി പ്രാദേശിക തലത്തില്‍ ക്ലബ്ബുകളും കൂട്ടായ്മകളും രൂപീകരിക്കാനും ഇതിനായുള്ള ധനസഹായങ്ങള്‍ വിവിധ വകുപ്പ്് തലത്തില്‍ ലഭ്യമാക്കാനും പദ്ധതികള്‍ ആലോചനയിലുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പ്രമോട്ടര്‍മാരെ ചടങ്ങില്‍ ജില്ലാ കലക്ടര്‍ പ്രശംസിച്ചു. അസിസ്റ്റന്റ് കലക്ടര്‍ എസ്.സ്വാതി, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എസ്.എസ്.സുധീര്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ.എന്‍.മൃദുല എന്നിവര്‍ സംസാരിച്ചു. ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍മാര്‍, സൈറ്റ് മാനേജര്‍മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 86 എസ്.ടി. പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Previous Post Next Post