ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത്‌ 23 ലക്ഷം രൂപ തട്ടി ; യുവാവ് അറസ്റ്റിൽ


കോഴിക്കോട് :- ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്‌മിലാണ് അറസ്റ്റിലായത്. കേസിൽ ബിഗ്‌ബോസ് മുൻ താരം ബ്ലെസി ഉൾപ്പെടെ നേരത്തെ അറസ്റ്റിലായിരുന്നു. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് സംഘമാണ് ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് യുവാവിനെ പിടികൂടിയത്. കേസിലെ 12-ാം പ്രതിയാണ് അഷ്‌മിൽ.

 തട്ടിപ്പിലൂടെ കിട്ടുന്ന പണം ക്രിപ്റ്റോ കറൻസിയായി വിദേശത്തേക്ക് അയക്കുന്നതാണ് ഇവരുടെ രീതി. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചതിന് ശേഷമായിരുന്നു തട്ടിപ്പ്. ഓൺലൈൻ ജോലി വാഗ്‌ദാനം ചെയ്‌് നരിക്കുനി സ്വദേശിയായ യുവാവിൽ നിന്നും ഇയാളുടെ സുഹൃത്തിൽ നിന്നുമായി പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 2025 മെയ് 1 മുതൽ 5 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടത്തിയത്.

Previous Post Next Post