തിരുവനന്തപുരം :- സാധാരണക്കാർക്ക് ആശ്വാസമായി ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡത്തിൽ നിന്ന് വീട്ടിലെ എയർ കണ്ടിഷൻ ഒഴിവാക്കി. 1000 സിസിയിൽ താഴെയുള്ള വാഹനങ്ങളും ബാധകമാകില്ല. ഇവ രണ്ടും മാനദണ്ഡത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രോഗികളടക്കമുള്ള വീടുകളിൽ പലപ്പോഴും എയർ കണ്ടീഷൻ ചെയ്യാറുണ്ട്. 1000 സിസിയിൽ താഴെയുള്ള കാറുകൾ ഉള്ളതിന്റെ പേരിലും വീട്ടിലെ വയോജനങ്ങൾക്ക് ക്ഷേമപെൻഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.
സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്ന് നേരത്തെ നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ ടി പി അഷ്റഫ് അലി എംഎൽഎ ഉന്നയിച്ച സബ്‌മിഷനുള്ള മറുപടിയായാണ് കാലോചിതമായി പരിഷ്കരിക്കുന്ന സൂചന നൽകിയത്. പുതിയ പരിഷ്കരണത്തോടെ കൂടുതൽ ആളുകളിലേക്ക് ആനുകൂല്യം ലഭ്യമാകും. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്. 1000 സിസിയിൽ താഴെയുള്ള വാഹനങ്ങളിൽ പ്രധാനമായും ചെറുകാറുകളും ഓട്ടോറിക്ഷയുമാണ് ഉൾപ്പെടുക.
