ചെക്കിക്കുളം :- ചെക്കിക്കുളം പ്രദേശത്ത് വാഹനങ്ങളിൽ നിന്ന് ബാറ്ററി വ്യാപകമായി നഷ്ടപ്പെടുന്നതായി പരാതി. രാത്രികാലങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ ലക്ഷ്യമിട്ട് മോഷ്ടാക്കൾ സജീവമായത് വാഹന ഉടമകളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
പള്ളിയത്ത് രാത്രിയിൽ നിർത്തിയിട്ടിരുന്ന 'നിസാൻ' ലോറിയിൽ നിന്ന് മോഷ്ടാവ് ബാറ്ററികൾ അഴിച്ചു കൊണ്ടുപോയി. ചെക്കിക്കുളം കുണ്ടിയിലെകണ്ടിയിലെ കുമാരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്നാണ് ബാറ്ററികൾ മോഷണം പോയത്. തട്ടുപറമ്പിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പത്തായിരം രൂപയോളം വിലവരുന്ന പുതിയ ബാറ്ററിയാണ് വാഹനങ്ങളിൽ നിന്ന് മോഷ്ടാക്കൾ അഴിച്ചു കൊണ്ടുപോയത്.
ഒരു മാസം മുമ്പ് പെരുമാച്ചേരിയിൽ നിന്നും വാഹനത്തിന്റെ ബാറ്ററി മോഷണം പോയിരുന്നു. പെരുമാച്ചേരിക്ക് പുറമെ സമീപപ്രദേശങ്ങളിൽ നിന്നും നിരവധി തവണ വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിക്കുക്കുന്നത് പതിവായിരുന്നു. ലോറിക്ക് പുറമെ ഓട്ടോറിക്ഷകളിൽ നിന്നും ബാറ്ററികൾ മോഷണം പോകുന്നുണ്ട്.
ലോറികൾ എപ്പോഴും നിർത്തിയിടാറുള്ള സ്ഥലത്താണ് അക്രമികൾ രാത്രിയുടെ മറവിൽ മോഷണം നടത്തിയതെന്ന് ഉടമ പറഞ്ഞു.
രാവിലെ ലോറി എടുക്കാനായി എത്തിയപ്പോഴാണ് ബാറ്ററി മോഷണം പോയ വിവരം ശ്രദ്ധയിൽ പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ തുടർന്ന് വാഹന ഉടമയായ കുമാരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
