കോഴിക്കോട് :- ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് രണ്ട് വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു. കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ എം.ഇ.ടി കോളേജ് വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്. സ്കൂട്ടറിൽ പോകുന്ന രണ്ട് വിദ്യാർത്ഥികളെ പിന്നാലെ ബൈക്കുകളിലും മറ്റുമായി എത്തിയ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് തടയുന്നതും ക്രൂരമായി ആക്രമിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ഏവരിലും നടുക്കമുണ്ടാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണിത്.
കഴിഞ്ഞ വെള്ളിയാഴ്ച കോളേജിൽ സീനിയർ-ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. രണ്ടു ദിവസത്തെ അവധിക്കൊടുവിൽ ഇന്നാണ് കോളേജ് തുറന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട തർക്കം വിദ്യാർത്ഥികൾക്കിടയിൽ വാക്കേറ്റത്തിലും തുടർന്ന് കോളേജ് ക്യാംപസിന് അകത്തും പുറത്തുമായി ചേരിതിരിഞ്ഞുള്ള അടിപിടിയിലും കലാശിക്കുകയായിരുന്നു.
കോളേജ് ക്യാംപസിൽ തുടങ്ങിയ സംഘർഷം പിന്നീട് തുണേരി പട്ടാണിയിലേക്കും നാദാപുരം താലൂക്ക് ആശുപത്രി പരിസരത്തേക്കും വ്യാപിച്ചു. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പോലീസ് വിദ്യാർത്ഥികളെ പിരിച്ചുവിടാൻ ലാത്തിവീശി. പരിക്കേറ്റ വിദ്യാർത്ഥികൾ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയശേഷം മടങ്ങിപ്പോയി എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി ആരും പരാതി നൽകിയിട്ടില്ല.
