ദുബൈ: -സൗദി അറേബ്യയിൽ ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇന്ത്യക്കാരനായ ഒരു ജീവനക്കാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിയും ഗ്രൗണ്ട് സപ്പോർട്ട് സ്റ്റാഫുമായ കമലേഷ് പാണ്ഡെ (37) ആണ് ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചത്. ഈ ആക്രമണത്തിൽ ഒരു സൗദി പൗരൻ കൊല്ലപ്പെടുകയും രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ മറ്റൊരു ആക്രമണത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. ഇവിടെ ഒരു ഇന്ത്യക്കാരനും പാകിസ്താൻ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്. ഈ മാസം ആദ്യം റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിലും ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു.
ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ദമാം വിമാനത്താവളത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചെങ്കിലും വിമാന സർവീസുകൾ പുനരാരംഭിച്ചതായി സൗദി അധികൃതർ അറിയിച്ചു. അതേസമയം, റിയാദിൽ പ്രതിരോധ മന്ത്രാലയത്തിനും യാൻബുവിൽ അരാംകോ കയറ്റുമതി കേന്ദ്രത്തിനും നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടെങ്കിലും സൗദി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകത്തിലെ പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ ദഹ്റാനിലെ ആസ്ഥാന മന്ദിരം മുൻകരുതലിന്റെ ഭാഗമായി പൂർണമായും ഒഴിപ്പിച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ഇത്തരമൊരു നടപടി അരാംകോയുടെ ചരിത്രത്തിൽ ആദ്യമായാണ്.
സൗദിയിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, വിമാനത്താവളങ്ങൾക്കും ഊർജകേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സൗദിയിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണങ്ങളുടെയോ നാശനഷ്ടങ്ങളുടെയോ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും എംബസി നിർദേശിച്ചു.
അതിനിടെ, മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി തങ്ങളുടെ നയതന്ത്ര പ്രതിനിധികളോട് സൗദി വിടാൻ യു.എസ്. നിർദേശം നൽകി. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഒഴിപ്പിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
