അപകടത്തിൽപെട്ട സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ പുള്ളിമാൻ തോൽ ; യുവാക്കളെ അറസ്റ്റ് ചെയ്‌ത് വനം വകുപ്പ്


തിരുവനന്തപുരം :- പുള്ളിമാൻ്റെ തോൽ കൈവശം വെച്ച രണ്ട് യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്‌തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറുവരമ്പിൽ വീട്ടിൽ ഗോകുൽ (32), വെങ്ങാനൂർ ചാരുവിളയിൽ അനന്തുഭവനിൽ അനന്തു (23) എന്നിവരെയാണ് പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറുവരമ്പിൽ കുളത്തിന് സമീപം ഗോകുൽ സഞ്ചരിച്ചിരുന്ന വെസ്പ സ്കൂട്ടർ അപകടത്തിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അപകടത്തിൽ സ്കൂട്ടറിന്റെ സീറ്റ് ഇളകി തെറിക്കുകയും സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പുള്ളിമാന്റെ തോൽ റോഡിലേക്ക് വീഴുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിക്കാൻ ശ്രമിച്ചതോടെ ഇയാൾ ഓടിപ്പോയി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും മാൻതോലും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗോകുലിനെ അറസ്റ്റ് ചെയ്‌തത്‌.തുടർന്ന് സ്കൂട്ടറിന്റെ ഉടമയും ഗോകുലിന്റെ സുഹൃത്തുമായ അനന്തുവിനെ ചോദ്യം ചെയ്തതിൽ കടുതൽ വിവരം ലഭിക്കുകയായിരുന്നു.

തിരുവനന്തപുരം സിറ്റിയിലെ ഒരു വീട്ടിൽ താമസിച്ചിരുന്നവർ വീട് ഒഴിഞ്ഞുപോകുന്ന സമയത്ത് അവിടെനിന്ന് മാൻതോൽ ലഭിച്ചതാണെന്നും ഇത് മോഷ്ടിച്ച് സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതികളുടെ മൊഴി. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും വനം വകുപ്പ് അന്വേഷണം നടത്തിവരികയാണ്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിബിൻ ചന്ദ്രൻ വി യുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പ്രദീപ്, ലിജോമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്‌ണു, രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post Next Post