പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം ; കേസെടുത്ത് ബാലാവകാശ കമ്മീഷൻ


ആലപ്പുഴ :- പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ ആണ് കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർ വൈസർ എന്നിവരോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരനാണ് പോഷകാഹാര കുറവിനെ തുടർന്ന് മരിച്ചത്.

മാതാപിതാക്കളുടെ പരിപാലനത്തിൽ വന്ന പിഴവാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. മറ്റെന്തെങ്കിലും ദുരൂഹതകൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഈ സാഹചര്യത്തിൽ വീട്ടിലെ മറ്റ് നാല് കുട്ടികളെ സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ശിശുക്ഷേമ സമിതി. പോഷകാഹാര കുറവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും മറ്റ് ദുരൂഹതകൾ എന്തെങ്കിലും ഉണ്ടോ എന്ന് ഒരിക്കൽ കൂടി പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂ എന്ന് പൊലീസ് അറിയിച്ചു.

കാർത്തികപ്പളളി സ്വദേശികളായ രാജേഷ് -താര ദമ്പതികളുടെ മകനാണ് മരിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ ഏഴ് കുഞ്ഞുങ്ങളെയാണ് താര പ്രസവിച്ചത്. ഇതിൽ ഒരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടർച്ചയായി കുഞ്ഞുങ്ങൾക്ക് ജൻമം കൊടുത്തിരുന്നു എന്നതിനപ്പുറം ഇവരെ പരിപാലിക്കാൻ താരയും രാജേഷും ഒന്നും ചെയ്‌തിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളെ ദമ്പതികൾ സ്കൂളിൽ വിടിരുന്നില്ല. നല്ല വസ്ത്രമോ ഭക്ഷണമോ നൽകില്ല. കുഞ്ഞുങ്ങൾ അലഞ്ഞ് തിരിയുന്നത് കണ്ടാലും ഇടപെടില്ല. നാട്ടുകാരും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ഏതാനും മാസം മുമ്പ് താരയെയും കുഞ്ഞുങ്ങളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെ നിന്നും സ്വന്തം ഇഷ്‌ടപ്രകാരം താര കുഞ്ഞുങ്ങളുമായി ഇറങ്ങി വരികയായിരുന്നു.

രണ്ട് വയസുകാരൻ കിടക്കയിൽ മരിച്ച് കിടക്കുകയായിരുന്നെന്നാണ് അച്ഛൻ രാജേഷ് പൊലീസിനോട് പറഞ്ഞത്. ഏഴാമത്തെ പ്രസവത്തിനായി താരയെ നാട്ടുകാർ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രണ്ട് വയസ്സുകാരന്റെ മരണം സംഭവിച്ചത്. രാജേഷിൻ്റെയും താരയുടെയും ജീവിതരീതിയും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ ഇരുവരും വരുത്തുന്ന അശ്രദ്ധയും ചൂണ്ടിക്കാട്ടി നാട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പോഷകാഹാര കുറവിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്.

Previous Post Next Post