വീണ്ടും ചികിത്സാ പിഴവ് ആരോപണം ; വിദ്യാർത്ഥിയുടെ കേടായ പല്ലിന് പകരം മറ്റൊരു പല്ല് പറിച്ചു, പരാതി നൽകി കുടുംബം


കോഴിക്കോട് :- നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം ഡോക്‌ടർ എടുത്തുമാറ്റിയത് മറ്റൊരു പല്ലാണെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ നാദാപുരം പൊലീസിൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. പതിനൊന്നുകാരനും അമ്മയും കൂടിയാണ് പല്ല് എടുക്കാനായി ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം ഡോക്ടർ ഒരു പല്ല് എടുത്തുമാറ്റുകയും വായിൽ വെച്ചിരിക്കുന്ന പഞ്ഞി പിന്നീട് എടുത്തു കളഞ്ഞാൽ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

എന്നാൽ വീട്ടിലെത്തി പഞ്ഞി എടുത്തു കളഞ്ഞപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് എടുത്തതെന്ന് ഇവർക്ക് മനസ്സിലായത്. തുടർന്ന് അമ്മ ആശുപത്രിയിലെത്തി ഡോക്റെ കണ്ട് വിവരം അന്വേഷിച്ചപ്പോൾ 'മറ്റേ പല്ലുകൂടി എടുത്തുതരാം' എന്ന മറുപടിയാണ് നൽകിയതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ടിനെക്കണ്ട് പരാതി അറിയിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

Previous Post Next Post