സെക്രട്ടേറിയറ്റിനുള്ളിൽ റീൽസ് ചിത്രീകരണം ; വൈറലായതോടെ ഗുരുതര സുരക്ഷാവീഴ്ചയെന്ന് ആക്ഷേപം, വീഡിയോ പിൻവലിച്ചു


തിരുവനന്തപുരം :- അതീവ സുരക്ഷാമേഖലയായ സെക്രട്ടേറിയറ്റിന്റെ ഉൾവശം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ റീൽസ് പ്രത്യക്ഷപ്പെട്ടതോടെ പുതിയ വിവാദം. സെക്രട്ടേറിയറ്റിൽ ടൈൽ പണിക്ക് എത്തിയ കരാറുകാരാണ് സെക്രട്ടേറിയറ്റിന്റെ ഉൾഭാഗമടക്കം വീഡിയോ പ്രചരിപ്പിച്ചത്. ഇത് മറ്റ് ചില പ്രൊഫൈലുകളിലും വൈറലായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉദ്യോഗസ്ഥർ നടപടി തുടങ്ങി. നിർമാണം നടക്കുന്ന കായിക ഭവൻ ഉൾപ്പടെ ഓഫീസുകളുടെ ഉൾഭാഗവും റീൽസിലുണ്ട്. ഗുരുതരമായ നിയമലംഘനവും സുരക്ഷാ വീഴ്ചയുമാണുണ്ടായതെന്ന് ആക്ഷേപം ഉയർന്നു.

സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥർക്ക് പോലും ചിത്രങ്ങളെടുക്കുന്നതിൽ കർശന വിലക്കുള്ളപ്പോഴാണ് ഈ സംഭവമെന്നതിനാൽ കരാർ കമ്പനിയെ വിവരം അറിയിച്ച് റീൽ പിൻവലിപ്പിക്കുകയായിരുന്നു. പിന്നാലെ വിഷയം രാഷ്ട്രീയമായി കാണരുതെന്നും അറിയിപ്പ് ലഭിച്ച ദിവസം തന്നെ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും വീഡിയോ പങ്കുവെച്ച വ്യക്തി അഭ്യർഥിച്ചിട്ടുണ്ട്. ഈ വീഡിയോ ഷെയർ ചെയ്‌തിട്ടുള്ളവരോട് അത് ഡീലീറ്റ് ചെയ്തു‌ കളയാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് കോംപൗണ്ടിലെ റീൽ ചിത്രീകരണവും നേരത്തെ വിവാദമായിരുന്നു. പിന്നാലെയാണ് ഉൾഭാഗത്തെ ദൃശ്യങ്ങൾ പുറത്തെത്തിയത്.

Previous Post Next Post