കൊളച്ചേരിയിലെ ലൈൻമാനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കണം; മണ്ഡലം കോൺഗ്രസ് കമ്മിറ്റി ​

 




​കമ്പിൽ:- കൊളച്ചേരി കെഎസ്ഇബി ഓഫീസിലെ ലൈൻമാൻ കെ.പി. അബ്ദുൽ മുനീറിനെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ശാരീരികമായി കയ്യേറ്റം ചെയ്യുകയും തടസ്സപ്പെടുത്തുകയും ചെയ്ത പ്രദേശവാസിയായ ഹംദാസിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.

​പ്രദേശത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കായച്ചിറ ട്രാൻസ്ഫോമറിന് സമീപത്തെ കാട്ടുചെടികൾ വെട്ടിനീക്കുന്നതിനായി ലൈൻ ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിലേർപ്പെട്ട ജീവനക്കാരന് നേരെ ഉണ്ടായ ഈ അതിക്രമം അപലനീയമാണെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

​മണ്ഡലം പ്രസിഡന്റ് ടി.പി. സുമേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.എം. ശിവദാസൻ, അബ്ദുള്ള കൈപ്പയിൽ, സി.കെ. സിദ്ധിഖ്, കെ.പി. മുസ്തഫ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ എം.ടി. അനീഷ്, കെ. ബാബു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Previous Post Next Post