ചെന്നൈ :- പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനുമായ ദേവ (76) അന്തരിച്ചു. വാർധകൃസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ മൈലാപ്പൂരിൽ ആയിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടർന്ന് ഇന്ന് രാവിലെ 8.30 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ മരണം പെട്ടെന്നായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാല് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയ അതുല്യ പ്രതിഭയാണ് വിട വാങ്ങുന്നത്.
1950 നവംബർ 20 ന് ജനിച്ച ദേവനേശൻ ചൊക്കലിംഗമാണ് പിൽക്കാലത്ത് തമിഴ് സിനിമാഗാനശാഖയുടെ ബ്രാൻഡ് അംബാസിഡർമാരിൽ ഒരാളായ ദേവയായത്. മെലഡികളിലെ സ്വന്തം ശൈലിയും ഫോക്കിൻ്റെ ഉപയോഗവും അദ്ദേഹത്തെ വേറിട്ട് നിർത്തി. താൻ സംഗീതം പകർന്ന ചിത്രങ്ങളിലൂടെ ഗാന മ്യൂസിക്കിനെ കൂടുതൽ ആസ്വാദകരിലേക്ക് എത്തിക്കുകയും ചെയ്തു അദ്ദേഹം. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമാണ് ദേവ തന്റെ കരിയറിലെ ഏറ്റവും മികച്ച വർക്കുകൾ ചെയ്തത്. മുൻനിര സംവിധായകർക്കൊപ്പം പ്രവർത്തിച്ചപ്പോൾ മറക്കാനാവാത്ത നിരവധി ഗാനങ്ങൾ അദ്ദേഹം ആസ്വാദകർക്ക് സമ്മാനിച്ചു.
തമിഴിലെ സൂപ്പർ താരങ്ങളായ രജനികാന്ത്, കമൽ ഹാസൻ, വിജയ്, അജിത് കുമാർ തുടങ്ങിയവരുടെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. ബാഷ, അണ്ണാമലൈ, ഖുഷി, കാതൽ കോട്ട തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് ദേവയായിരുന്നു. രജനികാന്ത് ചിത്രങ്ങളുടെ തീം സോഗുകളിലൂടെയും അദ്ദേഹം പലപ്പോഴും കൈയടി നേടി. മധുരസംഗീതത്തിന്റെ തെന്നൽ എന്നാണ് എം എസ് വിശ്വനാഥൻ ദേവയെ വിശേഷിപ്പിച്ചത്. മലയാളത്തിൽ ദി പ്രിൻസ്, ഫാൻ്റം, കിങ് സോളമൻ എന്നീ ചിത്രങ്ങൾക്കും ദേവ സംഗീതം പകർന്നിട്ടുണ്ട്.
