പാലക്കാട് :- ഒറ്റപ്പാലം പാലപ്പുറത്ത് നൊങ്ക് ശേഖരിക്കാൻ കയറിയതിനിടെ പനയിൽ കുടുങ്ങിയ വയോധികന് ദാരുണാന്ത്യം. പാലപ്പുറം പല്ലാർമംഗലം ചാത്തൻ പ്ലാക്കിൽ രാജൻ (64) ആണ് മരിച്ചത്. ഫയർ ഫോഴ്സ് എത്തി താഴെ ഇറക്കിയെങ്കിലും മരണപ്പെടുകയായിരുന്നു.
പാലപ്പുറം പഴയ പോസ്റ്റിനു സമീപം മാറ്റമ്പറ്റക്കാട്ടിൽ രാമൻ്റെ വീട്ടുവളപ്പിലെ 60 അടിയോളം ഉയരം വരുന്ന പനയിൽ കയറിയതായിരുന്നു രാജൻ. രാവിലെ ഏഴുമണിയോടെയാണ് ഇയാൾ പനയിൽ കയറിയത്. ഫയർ ഫോഴ്സ് എത്തി ഏറെ സാഹസികമായി ഇയാളെ താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
