ജോലിക്കിടെ ലിഫ്റ്റിനിടയിൽ കുടുങ്ങി അപകടം ; പ്രവാസി മലയാളി സൗദിയിൽ മരണപ്പെട്ടു


റിയാദ് :- സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഖത്തീഫിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. കൊല്ലം അഞ്ചൽ ചണ്ണപ്പേട്ട സ്വദേശി ഷാനി ബേബി (42) ആണ് മരിച്ചത്. ഒരു സ്റ്റോറിൽ ജോലി ചെയ്യുന്നതിനിടയിൽ ഫോർക്ക് ലിഫ്റ്റിനിടയിൽ കുടുങ്ങിയാണ് അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റത്. 

തുടർന്ന് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. 10 മാസം മുമ്പാണ് ഷാനി ജോലിക്കായി സൗദിയിലെത്തിയത്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ് ഉള്ളത്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, മൻസൂർ നൈന, സലീം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.

Previous Post Next Post