തളിപ്പറമ്പ്:- കൊളച്ചേരി പഞ്ചായത്തിലെ വിവിധ ജനകീയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ മാസം ചേർന്ന തളിപ്പറമ്പ് താലൂക് വികസനസമിതി യോഗത്തിൽ പരാതി സമർപ്പിച്ചു. ചേലേരിമുക്കിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും, കാറാട്ട് അംഗൻവാടിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. ചന്ദ്രഭാനു കെ.പി., പ്രേമരാജൻ കെ.പി. തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
ചേലേരി മുക്ക്ഗതാഗതക്കുരുക്ക്: സി.ആർ.എഫ്. റോഡ് പ്രവൃത്തിയുടെ ഭാഗമായി ജങ്ഷൻ വീതികൂട്ടാത്തതാണ് ഇവിടെയുള്ള വലിയ ഗതാഗതക്കുരുക്കിന് കാരണം. വർഷങ്ങൾക്ക് മുൻപ് ഇവിടെയുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ട ദുരന്തം ഓർമ്മപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോഴത്തെ അവസ്ഥ. പോസ്റ്റോഫീസിലേക്ക് പോകുന്ന സാധാരണക്കാർ പോലും റോഡരികിലെ ബുദ്ധിമുട്ടുകൾ കാരണം പ്രയാസപ്പെടുന്നു. എം.എൽ.എ., പഞ്ചായത്ത്, പൊതുജനങ്ങൾ എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ ജങ്ഷൻ വീതികൂട്ടാനും അനധികൃത പാർക്കിംഗും കയ്യേറ്റങ്ങളും ഒഴിപ്പിക്കാനും അടിയന്തര നടപടി വേണം.
ചേലേരി യു.പി. സ്കൂൾ പരിസരത്തെ വെള്ളക്കെട്ട്: സ്കൂളിന് സമീപത്തെ രൂക്ഷമായ വെള്ളക്കെട്ട് കാരണം ഇരുചക്ര വാഹന യാത്രികർ അടക്കം നിരവധി പേരാണ് അപകടത്തിൽ പെടുന്നത്. സ്കൂളിന് മുന്നിലൂടെ ഓവ് ചാൽ നിർമ്മിച്ച് സ്ലാബ് ഇട്ട് ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണം. ഗ്രാമസഭകളിലും അധികാരികൾക്കും പലതവണ പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ എം.എൽ.എ. മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാന ആവശ്യങ്ങൾ: കാറാട്ട് മാതൃക അംഗൻവാടിയിൽ വയോജനങ്ങൾക്കായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുക, പ്രദേശത്തെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണുക, റോഡുകളിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും പരാതിയിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ട്.

