കൊച്ചി :- നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും. ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തും. പിന്നാലെ സുള്ള്യയിലും പാലക്കാട്ടും പോകും. പ്രതി സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നത് അടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അപകടനേരത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈൽ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയിൽ തെളിഞ്ഞു. സഹയാത്രികർ സുഹൈലിനെ തടഞ്ഞുമില്ല.
കേസിൽ ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്. അപകട നേരത്തെ നിർണായക വിവരങ്ങൾ പതിഞ്ഞ ഇവൻ്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല. ഈ സഹാചര്യത്തിൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒപ്പം - ജാമ്യം നൽകിയാൽ, പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. പൊലീസ് കസ്റ്റഡിയും തെളിവെടുപ്പും കഴിഞ്ഞതിനാൽ, ഇനിയും 19 വയസ്സുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല.
ഒക്ടബോർ 11ന് പുലർച്ചെ അപകടമുണ്ടായ, വിമാനത്താവള റോഡിൽ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു. റോഡിന്റെ ഡിസൈൻ, നിർമാണം എന്നിവ അപകടത്തിന് കാരണമായോ എന്നതടക്കമായിരുന്നു പരിശോധനയുടെ ഉള്ളടക്കം. മോട്ടോർ വാഹനവകുപ്പ്, റോഡ് പരിപാലചുമതലയുള്ള സിയാൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. റോഡിൽ വേഗത നിയന്ത്രണത്തിന് ക്രമീകരണം ഒരുക്കണമെന്നും രാത്രിയിലും വാഹന നമ്പർ പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് സിയാലിനോട് നിർദേശിച്ചിട്ടുണ്ട്.
