ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക് ; തറയിലെ ടൈലുകൾ പൊട്ടിത്തെറിച്ചു, വീടുകൾക്ക് നാശനഷ്ടം


കൊല്ലം :- കനത്ത മഴയ്ക്കൊപ്പം പെയ്തിറങ്ങിയ ശക്തമായ ഇടിമിന്നലിൽ കൊല്ലത്തും തിരുവനന്തപുരത്തും വ്യാപക നാശനഷ്ടവും അപകടവും. കൊല്ലം കുളത്തൂപ്പുഴയിൽ നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചപ്പോൾ, തിരുവനന്തപുരം ആറ്റിങ്ങലിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്കേറ്റു.

കുളത്തൂപ്പുഴയിലുണ്ടായ ശക്തമായ മിന്നലിൽ സിലോൺമുക്കിലെ മൂന്നും ആറ്റിൻ കിഴക്കേക്കരയിലെ ഒന്നും ഉൾപ്പെടെ നാല് വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. വീടുകളിലെ വൈദ്യുത വയറിംഗുകൾ പൂർണ്ണമായും കത്തിനശിച്ചു. സിലോൺമുക്ക് സ്വദേശി സീതാലക്ഷ്‌മിയുടെ വീടിന്റെ ഭിത്തിയിൽ വിള്ളൽ വീണു. തറയിലെ ടൈലുകൾ പൊട്ടിത്തെറിച്ചു. ആറ്റിൻ കിഴക്കേക്കരയിലെ ബാലചന്ദ്രന്റെ വീട്ടിൽ കോൺക്രീറ്റ് പാളികൾ ഇളകിത്തെറിച്ചു. വീട്ടുപകരണങ്ങൾ നശിച്ചു.

തിരുവനന്തപുരം കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ മണ്ണറഭാഗത്ത് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വീടിന് പുറത്തെ വരാന്തയിലിരുന്ന് പൂവ് കെട്ടുകയായിരുന്ന കീഴാറ്റിങ്ങൽ സ്വദേശികളായ ബിന്ദുലേഖ (53), സഹോദരൻ സതികുമാർ (60) എന്നിവർക്കാണ് ഇടിമിന്നലേറ്റത്. ബിന്ദുലേഖയുടെ നെഞ്ചിലും കൈയിലും ഗുരുതരമായി പൊള്ളലേറ്റു. സതികുമാറിൻ്റെ കാലിനും പരിക്കുണ്ട്. ആദ്യം ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി മാറ്റി. ബിന്ദുലേഖ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സതികുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post