കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വുഡ് വിദ്യാർത്ഥികൾക്ക് നേരെ പ്ലസ് ടൂ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന റാഗ്ഗിംഗ് സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. റാഗ് ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാക്കൾ സ്കൂൾ പ്രിൻസിപ്പലിന് നിവേദനം നൽകി.
കഴിഞ്ഞ രണ്ട് വർഷമായി കണ്ണാടിപ്പറമ്പ് ഗവ. സ്കൂളിൽ റാഗ്ഗിംഗ് സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഈ വിഷയങ്ങളെല്ലാം രാഷ്ട്രീയമായി കണ്ടുകൊണ്ട് പിടിഎ കമ്മിറ്റി ഇടപെട്ട് ഒതുക്കിത്തീർക്കുന്ന നയമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം ഹൈസ്കൂൾ വിഭാഗത്തിൽ സമാനമായ സംഭവം ഉണ്ടായപ്പോഴും ചില അധ്യാപകരുടെ സഹായത്തോടെ കാര്യങ്ങൾ തേച്ചുമാച്ചു കളയുകയായിരുന്നു. ബാത്റൂമിലെ സാധനങ്ങൾ നശിപ്പിച്ച സംഭവത്തിൽ പണം ഈടാക്കി കേസ് ഒത്തുതീർപ്പാക്കുകയാണ് ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയുടെ പേരിൽ ജൂനിയർ വിദ്യാർത്ഥികളെ തടഞ്ഞുവെച്ച് മർദ്ദിക്കുന്ന ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ റാഗ് ചെയ്ത വിദ്യാർത്ഥികൾ പിടിഎ ഭാരവാഹികളുടെ ബന്ധുക്കളാണെന്ന കാരണം പറഞ്ഞ് നടപടികളിൽ നിന്നും ഒഴിവാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. സ്കൂളിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിഷയത്തിൽ പൊലീസിൽ പരാതി നൽകാമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു. സ്കൂളിന്റെ അക്കാദമിക പുരോഗതിക്കോ സുരക്ഷയ്ക്കോ വേണ്ടി പ്രവർത്തിക്കാതെ കുറ്റക്കാർക്ക് സംരക്ഷണം നൽകുന്ന പിടിഎയുടെ നിലപാടുകൾ തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
