കണ്ണൂർ :- വീണ്ടും കോൺഗ്രസിനെ വെട്ടിലാക്കി മുതിർന്ന നേതാവ് കെ.സുധാകരൻ. ഒരു ന്യായവുമില്ലാതെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അതിൽ ദുഃഖമുണ്ടെന്നും സുധാകരൻ തുറന്നടിച്ചു. പാർട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെ വിയർപ്പിനെ വില കുറച്ചു കാണുന്ന പ്രവർത്തി ഗുണം ചെയ്യില്ലെന്ന് പറഞ്ഞ അദ്ദേഹം, സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടാൻ ഭരണപക്ഷത്തിന്റെ ഉള്ളിലും ആർജ്ജവമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിന് ആവശ്യമുള്ളത് സ്തുതി പാഠകരെയല്ല, തെറ്റ് ചൂണ്ടിക്കാട്ടുന്ന പോരാളികളെയാണ്. കണ്ണൂരിൽ താനും പ്രവർത്തകരും അനുഭവിച്ച യാതന ചില്ലറയല്ലെന്നും അടിപതറി നിന്ന കോൺഗ്രസിനെ വിജയങ്ങളിലേക്ക് നയിച്ചയാളാണ് താനെന്നും സുധാകരൻ പറഞ്ഞു. നിലപാട് തുറന്നു പറയാൻ തനിക്ക് അവകാശമുണ്ട്. അധികാരത്തേക്കാൾ വലുതാണ് ആദർശം. നിലപാടുകളുടെ പേരിൽ തന്നോട് വിയോജിപ്പുണ്ടാകാം. സ്ഥാനങ്ങളേക്കാൾ വലുതാണ് പ്രസ്ഥാനമെന്നും അക്രമ രാഷ്ട്രീയത്തോട് തന്റെ നിലപാടിൽ മാറ്റമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
