'ബോധപൂർവം ആരെയും സഹായിച്ചിട്ടില്ല, സംഭവിച്ചത് സാങ്കേതിക പിഴവ്' ; PSC പരീക്ഷ ക്രമക്കേടിൽ ഹരികുമാറിന്റെ മൊഴി


തിരുവനന്തപുരം :- പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷയിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് ഹരികുമാറിന്റെ മൊഴി. ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയച്ചുമതലയായിരുന്നു ഹരിക്ക്. ഡെപ്യൂട്ടി സെക്രട്ടറിയാണ് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയത്. ഡെ. സെക്രട്ടറി സതീഷ് അറിയിച്ച പ്രകാരം വാല്യുവേഷൻ ക്ലോസ് ചെയ്തു. പരാതിക്കാരൻ്റെ വിവരാവകാശ രേഖപ്രകാരം മറുപടി നൽകിയപ്പോഴാണ് പിഴവ് മനസിലായത്. പുനർ മ്യൂല്യനിർണയം സെക്രട്ടറി ബോർഡിന്റെ പരിഗണനയിൽ വെച്ചു. കോടതിയിൽ കേസുള്ളതിനാൽ പുനർമൂല്യനിർണയം നടത്തിയില്ലെന്നും ബോധപൂർവം ആരെയും സഹായിച്ചിട്ടില്ലെന്നും ഹരി മൊഴി നൽകി.

പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ ഹരിയെ ഇന്നലെ കൊച്ചിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നേരത്തേ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെയും ഹരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. 

ഹരിക്കൊപ്പം മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്‌തിരുന്നു. ചെയർമാൻ എംആർ ബൈജുവിന്റെ വലംകൈയാണ് ഹരി. ചെയർമാനും ഹരിയും ചേർന്നാണ് കൂടിയാലോചന ഇല്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. 

പരീക്ഷ കൺട്രോളർ ബിനി കെ എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാനും നോട്ടീസ് നൽകി. തിങ്കളാഴ്‌ച മുതൽ പത്ത് പിഎസ്‌സി അംഗങ്ങളോടും ഹാജരാനായി നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തേയും വിപുലപ്പെടുത്തി. പ്രത്യേക സംഘത്തിൽ രണ്ട് എസ്‌പിമാരെയും ഒരു ഡിവൈഎസ്പിയെയും ഉൾപ്പെടുത്തി. പുതുതായി മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്ത‌തുകൊണ്ടാണ് അന്വേഷണ സംഘം വിപുലപ്പെടുത്തിയത്.

Previous Post Next Post