തിരുവനന്തപുരം :- സംസ്ഥാന പി എസ് സിയുടെ ഘടനയിലോ അംഗങ്ങളുടെ എണ്ണത്തിലോ നിലവിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പി എസ് സി അംഗങ്ങളുടെ എണ്ണമോ അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളോ കുറയ്ക്കുന്നത് സർക്കാരിന്റെ ആലോചനയിലില്ലെന്ന് സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ സതീശൻ വ്യക്തമാക്കി. കൂടാതെ മുഴുവൻ സമയ രാഷ്ട്രീയക്കാർ പി എസ് സി അംഗങ്ങളാകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. പി എസ് സി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും പി എസ് സി പിരിച്ചുവിടണമെന്ന ഗവർണറായിരുന്ന രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയുടെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിൽ മൂന്ന് പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണവും അഞ്ച് പരാതികളിൽ പി എസ് സി ആഭ്യന്തര വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രമക്കേടുകളിൽ ചെയർമാന്റെയോ അംഗങ്ങളുടെയോ പങ്കിനെക്കുറിച്ചും കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് രേഖാമൂലമുള്ള K മറുപടിയിൽ വിശദീകരിച്ചു.
സംസ്ഥാനത്തെ പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി വിഷയം കടുപ്പിച്ചതോടെ അന്വേഷണത്തോട് സഹകരിക്കാനാണ് പി എസ് സിയുടെ തീരുമാനം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും പൂർണ്ണമായി സഹകരിക്കാനും പി എസ് സിഅംഗങ്ങൾ തയ്യാറായേക്കുമെന്നാണ് വിവരം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ പ്രമുഖ പി എസ് സി കോച്ചിംഗ് സെന്റർ തയ്യാറാക്കിയ ചോദ്യങ്ങൾ അതേപടി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ ഉൾപ്പെട്ടവരെല്ലാം ഫിഷറീസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ്. ചോദ്യപേപ്പർ തയ്യാറാക്കിയതും ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവ്വകലാശാലയിലെ അധ്യാപകരാണെന്നും, എസ് എഫ് ഐ പ്രവർത്തകർക്കും യൂണിയൻ നേതാക്കൾക്കുമായി ക്രമക്കേട് നടത്തിയെന്നും മറ്റ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു
