കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാർ ഉത്തരവുകളും ജനാധിപത്യ നടപടികളും സ്വീകരിക്കാതെ നടത്തിയ PTA എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കടുത്ത പ്രതിഷേധവുമായി രക്ഷിതാക്കൾ. തെരഞ്ഞെടുപ്പ് അട്ടിമറിച്ച നടപടിക്കെതിരെ ബൈജു.കെ ഉൾപ്പെടെയുള്ള രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പലിന് പരാതി സമർപ്പിക്കുകയും തെരഞ്ഞെടുപ്പ് പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ ചേർന്ന പിടിഎ ജനറൽ ബോഡി യോഗത്തിലാണ് അട്ടിമറിയുണ്ടായത്. നിലവിലുള്ള പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി പുതിയ അംഗങ്ങൾക്കായി സ്വന്തം പാനൽ അവതരിപ്പിച്ചെങ്കിലും യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം രക്ഷിതാക്കളും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും തുടർന്ന് രക്ഷിതാക്കളിൽ 11 അംഗങ്ങൾ ഉൾപ്പെടുന്ന ബദൽ പാനൽ യോഗ അധ്യക്ഷന് മുമ്പാകെ സമർപ്പിക്കുകയും, പങ്കെടുത്ത 30 ലധികം രക്ഷിതാക്കൾ രേഖാമൂലം ഇതേ പാനലിനെ പിന്തുണച്ച് പകര്‍പ്പ് നല്‍കുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ സജീവൻ മാസ്റ്റർ, നിർദ്ദേശകന്റെയോ പിന്താങ്ങുന്നയാളുടെയോ പേരോ ഒപ്പോ അപേക്ഷയിൽ ഇല്ലെന്ന നിസ്സാര സാങ്കേതികത്വം പറഞ്ഞ് 30-ലധികം ആളുകൾ നൽകിയ ബദൽ പാനൽ പൂർണ്ണമായും തള്ളിക്കളയുകയും നിലവിലെ കമ്മിറ്റിയുടെ പാനൽ ഏകപക്ഷീയമായി അംഗീകരിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഈ നടപടി സർക്കാരുത്തരവുകൾക്കും (G.O.(MS) No. 25/06/2007, G.O.(MS) No. 126/2007/G.Edn, G.O.(MS) No. 142/2007/G.Edn) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറുകൾക്കും ഹൈക്കോടതി വിധികൾക്കും (WP(C) No. 27245/2012 & WP(C) No. 31011/2018) പൂർണ്ണമായും വിരുദ്ധമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് റിട്ടേണിംഗ് ഓഫീസർ ആരാണെന്ന് അധ്യക്ഷനോ, പ്രിൻസിപ്പലോ, ഹെഡ്മാസ്റ്ററോ പ്രഖ്യാപിക്കുകയോ, തെരഞ്ഞെടുപ്പ് നടപടികളും പാനൽ സമർപ്പിക്കേണ്ട ഫോർമാറ്റും വിശദീകരിക്കുകയോ ചെയ്തിട്ടില്ല. ഫോർമാറ്റ് ഹാളിൽ പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിരുന്നില്ല. ഒപ്പുകളില്ലെന്ന കാരണം പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന അംഗങ്ങൾ അപേക്ഷ തിരികെ നൽകാനും ഒപ്പുവെച്ചു തരാമെന്നും ആവശ്യപ്പെട്ടെങ്കിലും അതിന് അനുവാദം നൽകാതെ ധിക്കാരപൂർവ്വം സ്വാഭാവിക നീതി നിഷേധിക്കുകയാണ് ചെയ്തതെന്നും പരാതിയുണ്ട്.
ബദൽ പാനൽ തള്ളിയത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന ആരോപണം ഉയർന്നപ്പോൾ കൃത്യമായ സർക്കുലറിന് പകരം, സ്കൂളിലെ രക്ഷിതാവ് പോലുമല്ലാത്ത ഒരു പുറത്തുനിന്നുള്ള രാഷ്ട്രീയ പാർട്ടി നേതാവ് ഫോണിൽ കാണിച്ചു കൊടുത്ത വിവരങ്ങൾ വായിക്കുകയാണ് സജീവൻ മാസ്റ്റർ ചെയ്തതെന്നും രക്ഷിതാക്കൾ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാർഗ്ഗനിർദ്ദേശങ്ങൾ (H1/11055/2022/DGE) കാറ്റിൽപ്പറത്തി പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാവിന്റെ നിർദ്ദേശാനുസരണമാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത് തുടർന്ന് സെപ്റ്റംബർ 29, 30, ഒക്ടോബർ 1 തീയതികളിൽ രക്ഷിതാക്കൾ തടസ്സവാദങ്ങൾക്കടിസ്ഥാനമായ ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ട് സ്കൂളിലെത്തിയെങ്കിലും പ്രിൻസിപ്പൽ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായതെന്നും രക്ഷിതാക്കൾ പറയുന്നു.
ചട്ടവിരുദ്ധമായി നടത്തിയ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് അടിയന്തരമായി റദ്ദാക്കണമെന്നും, സെപ്റ്റംബർ 28-ലെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് മിനിറ്റ്സ് ബുക്കിൽ ഒപ്പുവെച്ചിട്ടുള്ള യഥാർത്ഥ രക്ഷിതാക്കളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സുതാര്യമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് രക്ഷിതാക്കളുടെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും (DGE) കേരള ഹൈക്കോടതിക്കും മുമ്പാകെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരായ രക്ഷിതാക്കൾ അറിയിച്ചു.
