തിരുവനന്തപുരം :- ന്യൂമോണിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന മാരക വിഷപദാർത്ഥം കോശങ്ങൾക്കിടയിൽ വ്യാപിക്കുന്നതിൽ ശരീരം സ്വയം നടത്തുന്ന കോശസംരക്ഷണ പ്രക്രിയയ്ക്ക് പങ്കുണ്ടെന്ന് പുതിയ കണ്ടെത്തൽ. ബ്രിക്-രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ബ്രിക്-ആർജിസിബി) ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന പഠനത്തിന് പിന്നിൽ. രാജ്യാന്തര ശാസ്ത്ര ജേണലായ 'ജേണൽ ഓഫ് എക്‌സ്ട്രാസെല്ലുലാർ വെസിക്കിൾസി'ൽ പഠനം പ്രസിദ്ധീകരിച്ചു.
ന്യൂമോണിയയ്ക്കും മറ്റ് ഗുരുതരമായ അണുബാധകൾക്കും കാരണമാകുന്ന ബാക്ടീരിയയാണ് സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ. ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന 'ന്യൂമോലൈസിൻ' എന്ന വിഷവസ്തു ഒരു കോശത്തിൽ നിന്ന് മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നതിന് പിന്നിലെ ശാസ്ത്രീയതയാണ് പുതിയ പഠനത്തിലൂടെ പുറത്തുവന്നത്. ഭാവിയിൽ ന്യൂമോലൈസിൻ്റെ വ്യാപനം തടയുന്ന പുതിയ ചികിത്സാരീതികൾ വികസിപ്പിക്കാൻ ഈ കണ്ടെത്തൽ സഹായകമാകും.
ബാക്‌ടീരിയയിലെ വിഷവസ്‌തു കാരണം കേടുപാടുകൾ സംഭവിക്കുമ്പോൾ കോശങ്ങൾ സ്വയം പ്രതിരോധിക്കാനായി പുറന്തള്ളുന്ന മൈക്രോവെസിക്കിൾസ് വഴി ഈ വിഷപദാർത്ഥം മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. മനുഷ്യനിലെ പ്രതിരോധ കോശങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് കണ്ടെത്തിയത്.
ആതിഥേയ കോശങ്ങളുടെ കോശസ്തരത്തിൽ നിന്ന് ഉണ്ടാകുന്ന മൈക്രോവെസിക്കിളുകളിൽ ന്യൂമോലൈസിൻ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ആർജിസിബി സംഘം കണ്ടെത്തി. കോശങ്ങളുടെ മാലിന്യമായി പുറന്തള്ളപ്പെടേണ്ട ന്യൂമോലൈസിൻ, വെസിക്കിൾ സ്തതരവുമായി കൂടിച്ചേർന്ന് അതിന്റെ ജൈവിക പ്രവർത്തനം തുടരും. വെസിക്കിളുകൾക്ക് തൊട്ടടുത്ത കോശങ്ങളിലേക്കെത്താനും വിഷവസ്തുവിൻ്റെ പ്രവർത്തനത്തിന് ആക്കം കൂട്ടാനും ഇത് വഴി ഒരുക്കും.
മാരകമല്ലാത്ത അളവിൽ ഈ വിഷപദാർത്ഥം എത്തുമ്പോൾ കോശങ്ങൾ തങ്ങളുടെ കേടായ ഭാഗങ്ങളെ മൈക്രോവെസിക്കിളുകളാക്കി മാറ്റും. വെസിക്കിളുകളായി പുറന്തള്ളപ്പെടുമ്പോഴും ന്യൂമോലൈസിൻ നശിക്കാതെ അതിൽ തന്നെ നിലനിൽക്കുകയും സമീപത്തുള്ള മറ്റ് ആരോഗ്യമുള്ള കോശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഈ വെസിക്കിളുകൾ അയൽ കോശങ്ങളുടെ ഭിത്തികളുമായി സമ്പർക്കത്തിൽ വരുമ്പോൾ അവയുടെ ഘടനയ്ക്ക് തന്നെ മാറ്റം വരും. ഇത് ആ കോശത്തിന്റെ നാശത്തിന് കാരണമാകും.
ന്യൂമോണിയ അണുബാധകൾ ശരീരകലകളെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാൻ ഈ കണ്ടെത്തൽ സഹായകമാകുമെന്ന് ആർജിസിബിയിലെ സീനിയർ ഗവേഷകനായ ഡോ. കാർത്തിക് സുബ്രഹ്മണ്യൻ പറഞ്ഞു. കോശങ്ങൾ തങ്ങളെത്തന്നെ സംരക്ഷിക്കാൻ നടത്തുന്ന ഒരു പ്രക്രിയയിലൂടെ അബദ്ധത്തിൽ വിഷപദാർത്ഥത്തെ പുതിയ രൂപത്തിലാക്കി അയൽ കോശങ്ങളിലേക്കെത്തിക്കുന്നു. ഇത് വഴി കൂടുതൽ കോശങ്ങളിലേക്ക് അണുബാധ പടരാൻ സാധ്യതയുണ്ട്. ഭാവിയിൽ ഇത്തരം വെസിക്കിളുകൾ വഴിയുള്ള ന്യൂമോലൈസിൻ്റെ വ്യാപനം തടയുന്ന പുതിയ ചികിത്സാരീതികൾ വികസിപ്പിക്കാൻ പരീക്ഷണങ്ങൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഹൈദരാബാദ് ടിഐഎഫ്ആറിലെ ഡോ. ജഗന്നാഥ് മണ്ഡൽ, ബെംഗളൂരു ഐഐഎസ്സിയിലെ ഡോ. സോംനാഥ് ദത്ത എന്നിവരുടെ സംഘവും ആർജിസിബി ഗവേഷകരുമായി സഹകരിച്ചു.
