ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കൺമണികൾക്കും SMA രോഗം ; പൊന്നോമനകളുടെ ജീവൻ രക്ഷിക്കാൻ 50 കോടി രൂപ വേണം


കോഴിക്കോട് :- കോഴിക്കോട് കല്ലുരുട്ടിയിൽ അരുൺ - ഷാൽമി ദമ്പതികളുടെ ജീവിതത്തിലേക്ക് ഒറ്റപ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ എത്തിയതിന്റെ സന്തോഷത്തിനിടെ എത്തിയ രോഗം കുടുംബത്തെയും നാടിനെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി  മൂന്ന് കുരുന്നുകൾക്കും ജനിതക രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ് എം എ) സ്ഥിരീകരിക്കുകയായിരുന്നു. ഡേവിഡ് മാഗ്നസ് അരുൺ, ഈഥൻ മോസസ് അരുൺ, ഒലിവർ ജോനാ അരുൺ എന്നിവരാണ് അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.ജീൻ തെറാപ്പിക്കും തുടർ ചികിത്സയ്ക്കും 50 കോടി രൂപ വേണം. കുരുന്നുകളുടെ ജീവൻ തിരിച്ചു പിടിക്കണമെങ്കിൽ നാടാകെ കൈകോർക്കണം. 

രാജ്യത്ത് ആദ്യമായാണ് ഒരുപ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്ക് എസ് എം എ -2 ജനിതക രോഗം സ്ഥിരീകരിക്കുന്നത്. ഒരു വയസ്സും എട്ട് മാസവും പ്രായക്കാരാണ് കുട്ടികൾ. ശരീരത്തിലെ എസ് എം എൻ പ്രോട്ടീൻ അളവ് കുറയുന്നതിലൂടെ സുഷുമ്ന നാഡിയിലെ ആൽഫ മോട്ടോർ ന്യൂറോണുകൾക്ക് നാശം സംഭവിക്കുകയും പേശികളുടെ ശക്തി ക്രമേണ കുറയുകയും ചെയ്യുന്ന ഗുരുതരരോഗമാണിത്. സമയബന്ധിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ കുട്ടികളുടെ ചലനശേഷി നഷ്ടമാകാം. ഇരിക്കാനും നടക്കാനും സാധിക്കാത്ത അവസ്ഥ വരും. ശ്വസനം, ഭക്ഷണം കഴിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെയും ബാധിക്കാം. കുട്ടികൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. വാട്സാപ്പ് ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാം, ഫെയ്സ്‌ബുക്ക് പ്രൊഫൈലുകളും ആരംഭിച്ചിട്ടുണ്ട്. ജനകീയ ധനസമാഹരണം ആറു ദിവസം പിന്നിടുമ്പോൾ രണ്ട് കോടിയോളം രൂപ മാത്രമാണ് ലഭിച്ചത്. സഹായം അരുൺ പി ഡിയുടെ പേരിൽ ഫെഡറൽ ബാങ്കിന്റെ ഓമശേരി ശാഖയിൽ ആരംഭിച്ച 21360100162505, IFSC : FDRL0002136 അക്ക‍ൗണ്ട്‌ വഴി പണം അയക്കാം.



Previous Post Next Post