കോഴിക്കോട്: “ഒരുപാടന്വേഷിച്ചു, ഒന്നും ശരിയായില്ല. മകന് യോജിച്ച പെൺകുട്ടിയെ കണ്ടെത്താനായാലോ എന്ന് കരുതിയാണ് മൂന്നുമണിക്കൂർ കാത്തുനിന്ന് അപേക്ഷ നൽകിയത്,” എന്ന് കുരുവട്ടൂർ സ്വദേശിനിയായ ഒരമ്മ സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് കാരന്തൂരിലെ ഹരഹര മഹാദേവക്ഷേത്രത്തിൽ സംഘടിപ്പിച്ച സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പിലാണ് നാടിനെ അമ്പരപ്പിച്ച ജനക്കൂട്ടം തടിച്ചുകൂടിയത്. പ്രാദേശികമായി ഏതാനും ആളുകൾ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന കണക്കുകൂട്ടലിലാണ് ഭാരവാഹികൾ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയത്.
എന്നാൽ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഏഴായിരത്തിനടുത്ത് ആളുകളാണ് ക്ഷേത്രമുറ്റത്തേക്ക് ഒഴുകിയെത്തിയത്. കരുതിവെച്ചിരുന്ന 1,500 അപേക്ഷാ ഫോമുകൾ നിമിഷങ്ങൾക്കകം തീർന്നതോടെ ഫോട്ടോകോപ്പിയെടുക്കാൻ കമ്മിറ്റിക്കാർക്ക് വലിയ നെട്ടോട്ടം ഓടേണ്ടി വന്നു. രജിസ്റ്റർ ചെയ്യാനെത്തിയവരുടെ നീണ്ട നിര ക്ഷേത്രമതിലകവും കടന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിലെ രണ്ട് ബസ് സ്റ്റോപ്പുകൾ വരെ നീണ്ടു. വഴിയിൽ ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.
രണ്ടാഴ്ച മുമ്പാണ് ക്ഷേത്ര കമ്മിറ്റി ക്യാമ്പിന്റെ ലഘുലേഖ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്. വാട്സാപ്പിലും ഫേസ്ബുക്കിലും വൈറലായ സന്ദേശം കണ്ട് സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഞായറാഴ്ച പുലർച്ചെ തന്നെ ആളുകൾ ഇവിടേക്ക് എത്തിത്തുടങ്ങി. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ടിയിരുന്ന പരിപാടി, അനിയന്ത്രിതമായ തിരക്കു കാരണം ഏഴുമണിക്ക് തന്നെ ഫോം നൽകി തുടങ്ങാൻ സംഘാടകർ നിർബന്ധിതരാവുകയായിരുന്നു.
കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഒമ്പതുമണിയോടെ ഉദ്ഘാടനത്തിനെത്തുമ്പോഴേക്കും ക്ഷേത്രവും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് അവസാനിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ക്യാമ്പ് വൈകീട്ട് സന്ധ്യ കഴിഞ്ഞാണ് അവസാനിപ്പിച്ചത്. ശേഖരിച്ച വിവരങ്ങൾ അടങ്ങിയ പട്ടിക തയാറാക്കി പിന്നീട് അപേക്ഷകർക്ക് നൽകാനാണ് കമ്മിറ്റിയുടെ തീരുമാനം. രജിസ്റ്റർ ചെയ്തവരിൽ 80 ശതമാനത്തോളം പേരും പുരുഷന്മാരാണ്. ഇതിൽ 30 വയസ്സിന് മുകളിലുള്ള യുവാക്കളാണ് ഭൂരിഭാഗവും. സ്ത്രീകളിൽ ഏറിയ പങ്കും പുനർവിവാഹത്തിനായി അപേക്ഷിച്ചവരാണ്.
